മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചേക്കും;ശരത് ലാലിനെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എ

0
3

കണ്ണൂര്‍: പൊതുപരിപാടികള്‍ക്കും പാര്‍ട്ടിപ്പരിപാടികള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കാസര്‍ഗോട്ട്. പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും വീട് അദ്ദേഹം സന്ദര്‍ശിക്കുമോ എന്നാണു രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രത്യേകിച്ചും സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍. കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും അദ്ദേഹത്തോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടയില്‍ കൊല്ലപ്പെട്ട ശരത്ലാലിനെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ രംഗത്ത് വന്നു. ശരത്ലാല്‍ കോണ്‍ഗ്രസ് ക്രിമിനലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നയാളാണ് ശരത്ലാല്‍ എന്നും കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്നും പറഞ്ഞു.

സിപിഎമ്മിന് പോലും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് കല്യോട്ട് എന്നും ഇവിടെ ക്രോണ്‍ഗ്രസ് നടത്തുന്ന അനേകം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ശരത് ലാല്‍ പങ്കാളിയാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ഞിരാമന്‍ പറഞ്ഞത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാട് സിപിഎം എടുക്കുന്നതിനിടയിലാണ് മുന്‍ എംഎല്‍എ യുടെ വിവാദ പ്രതികരണം.

ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കെ സി.പി.ഐയില്‍നിന്നുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനെച്ചൊല്ലി ഇന്നലെ മുന്നണിക്കുള്ളില്‍ വിവാദം ഉയര്‍ന്നിരുന്നു. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തെ ആദ്യം വിമര്‍ശിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍, എ. വിജയരാഘവന്‍ പിന്നീടു് അത് തിരുത്തി. സി.പി.ഐയില്‍ ചര്‍ച്ച ചെയ്തിട്ടായിരുന്നു സന്ദര്‍ശനമെന്നായിരുന്നു തിരുത്ത്.

എല്‍.ഡി.എഫ്. നേതാക്കള്‍ ഈയൊരു സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതു നല്ല സന്ദേശം നല്‍കാനാണെന്നു കരുതുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ ആദ്യ പ്രതികരണം. എന്നാല്‍, മന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ വിമര്‍ശിച്ചെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് അദ്ദേഹം പിന്നീടു പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here