ബാറുകളിലും ക്ലബ്ബുകളിലും കൂടുതല്‍ കൗണ്ടറുകള്‍ക്ക് അനുമതി

0
16

തിരുവനന്തപുരം: ബാറുകളിലും ബാര്‍ ലൈസന്‍സുള്ള ക്ലബ്ബുകളിലും ആവശ്യംപോലെ മദ്യ കൗണ്ടറുകള്‍ ആരംഭിക്കാന്‍ എക്‌സൈസ് വകുപ്പിന്റെ അനുമതി.
ബാറുകളില്‍ അനുവദനീയമായ ഒരു കൗണ്ടറിനു പുറമേ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 25,000 രൂപയും, ക്ലബ്ബുകളില്‍ അധികമായി തുടങ്ങുന്ന ഓരോ കൗണ്ടറിനും 50,000 രൂപവരെയുമാണു വാര്‍ഷിക ഫീസ്. വരുമാനം മാത്രം മുന്നില്‍ കണ്ട് കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ മദ്യ ഉപയോഗം ക്രമാതീതമായി വര്‍ധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയുമില്ല.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഫീസ് ഈടാക്കാതെ കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും, അതിനെല്ലാം ഫീസ് ഈടാക്കുകയാണ് ഇപ്പോള്‍ ചെയ്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ബാറുകള്‍ക്കു കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനുള്ള ഉത്തരവ് ഈ മാസം 13നാണ് അഡീ.ചീഫ് സെക്രട്ടറി ആശാ തോമസ് പുറത്തിറക്കിയത്. ക്ലബ്ബുകളെ സംബന്ധിച്ച ഉത്തരവു വരുംദിവസങ്ങളില്‍ പുറത്തിറങ്ങും.
ബാറുകള്‍ക്കു കൂടുതല്‍ കൗണ്ടറുകള്‍ അനുവദിക്കാന്‍ വിദേശമദ്യചട്ടങ്ങളിലെ ചട്ടം 13 ഉപവകുപ്പ് (3 ഡി) ആണു ഭേദഗതി ചെയ്തത്.
എക്‌സൈസ് അധികൃതരില്‍നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി ‘സര്‍വീസ് ഡെസ്‌കുകള്‍’ വഴി പരിമിതമായ അളവില്‍ മദ്യം വിതരണം ചെയ്യാന്‍ ബാറുകള്‍ക്കു നേരത്തേ അനുമതി നല്‍കിയിരുന്നു. ബാര്‍ കോമ്പൗണ്ടില്‍ മാത്രമേ സര്‍വീസ് ഡസ്‌കുകള്‍ സ്ഥാപിക്കാവൂ, ആവശ്യമായ മദ്യം മാത്രമേ സര്‍വീസ് ഡെസ്‌കില്‍ സൂക്ഷിക്കാവൂ തുടങ്ങിയ നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നു.
ബാറിന്റെ നീന്തല്‍കുളത്തിനരികിലും മേല്‍ക്കൂരയിലുമെല്ലാം സര്‍വീസ് ഡെസ്‌കുകള്‍ സ്ഥാപിക്കപ്പെട്ടു.
ചട്ടങ്ങള്‍ പാലിക്കാതെ ബാറുകള്‍ അനധികൃതമായി കൗണ്ടറുകള്‍ നടത്തുന്നതായി ആക്ഷേപം ഉയരുകയും എക്‌സൈസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് 25,000 രൂപ വാര്‍ഷിക ഫീസ് നല്‍കിയാല്‍ ബാര്‍ ഹാളിനു പുറത്ത് അധിക കൗണ്ടറുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ അനുവദിക്കണമെന്ന് ഏറെ നാളായി ബാറുടമകള്‍ ആവശ്യപ്പെടുകയായിരുന്നു.
ക്ലബ്ബുകളില്‍, ക്ലബ്ബ് റൂമിനു പുറത്തുള്ള സ്ഥലങ്ങളില്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നതിന് 30,000 രൂപയാണു വാര്‍ഷിക ഫീസ്.
മേല്‍ക്കൂര, നീന്തല്‍കുളത്തിന്റെ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ കൗണ്ടര്‍ സ്ഥാപിക്കുന്നതിന് 50,000രൂപ വാര്‍ഷിക ഫീസായി നല്‍കണം.
ബാങ്കറ്റ് ഹാള്‍, ബോര്‍ഡ് റൂം, റിക്രിയേഷന്‍ ഹാള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പുന്നതിന് 50,000രൂപയാണു വാര്‍ഷിക ഫീസ്. ബാറുകള്‍ക്കും ക്ലബ്ബുകള്‍ക്കും ആവശ്യാനുസരണം എത്ര കൗണ്ടറുകള്‍ വേണമെങ്കിലും ആരംഭിക്കാം. 432 ബാറുകളും 466 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണു സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത്.
33 ക്ലബ്ബുകള്‍ക്ക് ബാര്‍ ലൈസന്‍സുണ്ട്. 28 ലക്ഷം രൂപയാണ് ബാറുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ്. ക്ലബ്ബുകളുടേത് 15 ലക്ഷം രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here