ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റര്‍; ‘ലെനിന്‍ സിനിമാസ്’ വെള്ളിയാഴ്ച മുതല്‍ പ്രദര്‍ശനം തുടങ്ങും

0
6

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റര്‍ ഒരുങ്ങി. ‘ലെനിന്‍ സിനിമാസ്’ എന്ന് പേരിട്ടിരിക്കുന്ന തിയേറ്റര്‍ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ‘ലെനിന്‍ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതല്‍ ‘ലെനിന്‍ സിനിമാസില്‍’ ദിവസേനയുള്ള പ്രദര്‍ശനം തുടങ്ങും. 4കെ ത്രീഡി ദൃശ്യമികവ്, ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിന്യാസം, സില്‍വര്‍ സ്‌ക്രീന്‍ തുടങ്ങി തലസ്ഥാനത്തെ സിനിമാ പ്രേമികള്‍ക്ക് മികച്ച ചലച്ചിത്രാനുഭവം നല്‍കാനുള്ള എല്ലാ സംവിധാനങ്ങളും ‘ലെനിന്‍ സിനിമാസി’ല്‍ തയ്യാറാക്കിയിട്ടുണ്ട്. കെഎഫ്ഡിസിയുടെ കേരളത്തിലെ 17 തിയേറ്ററുകളില്‍ ഏറ്റവും മികച്ചതാണ് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ മൂന്നാം നിലയില്‍ ഉദ്ഘാടനം ചെയ്തത്. റെയില്‍വേ സ്റ്റേഷനിലും ബസ്സ്റ്റാന്‍ഡിലും എത്തുന്ന യാത്രക്കാരെ ലക്ഷ്യം വച്ചാണ് ഇങ്ങനെയൊരു ആശയവുമായി കെഎഫ്ഡിസി മുന്നോട്ട് വന്നത്.150 സീറ്റുകളാണ് തിയേറ്ററിലുള്ളത്. സോഫാ സീറ്റുകള്‍ക്ക് 170 രൂപയും സാധാരണ സീറ്റുകള്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്. സിനിമ കാണാന്‍ എത്തുന്നവര്‍ക്ക് ബസ് ടെര്‍മിനലിലെ പാര്‍ക്കിംഗ് സ്ഥലത്ത് 10 രൂപ നിരക്കില്‍ വാഹനം പാര്‍ക്ക് ചെയ്യാം. . ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here