ചെടിച്ചട്ടിയില്‍ വളര്‍ത്താവുന്ന കുരുമുളക് തൈ

0
58

ചെറുതോണി : ചെടിച്ചട്ടിയില്‍ വളര്‍ത്തിവര്‍ഷം മുഴുവന്‍ വിളവെടുക്കാന്‍ കഴിയുന്ന പൗര്‍ണ്ണമി ബുഷ് കുരുമുളക് തൈകളാണ് നിറവ് മേളയിലെ കാര്‍ഷിക സ്റ്റാളില്‍ കര്‍ഷകരുടെ ഇഷ്ട ഇനമായി മാറിയിരിക്കുന്നത് . ഇടുക്കി ഐ ഡി എ ഗ്രൗണ്ടില്‍ കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലാ കൃഷിത്തോട്ടം അരിക്കുഴയുടെ സ്റ്റാളിലാണ് പൗര്‍ണ്ണമി ബുഷ് കുരുമുളക് തൈ വിപണത്തിനെത്തിച്ചിട്ടുള്ളത്.
പ്രതിരോധശേഷി കൂടിയതും കൂടുതല്‍ വേരുകളുള്ളതുമായ കാട്ടുതിപ്പലിയില്‍ ഗ്രാഫ്റ്റ് ചെയ്താണ് അരിക്കുഴ ഫാമില്‍ പൗര്‍ണ്ണമി ബുഷ് ഇനം ഉണ്ടാക്കിയെടുത്തിട്ടുള്ളത്. സ്ഥലപരിമിതിയുള്ളവര്‍ക്ക് ചെടിച്ചട്ടിയിലും വളര്‍ത്താനാകുന്നഈ കുരുമുളക് ചെടി ആറു മാസത്തിനുള്ളില്‍ തിരിയിട്ടു തുടങ്ങും. തുടര്‍ന്ന് ഇതില്‍ നിന്ന് വര്‍ഷം മുഴുവന്‍ കുരുമുളക് ലഭിക്കും. അധികം ഉയരം വയ്ക്കാതെ, ശിഖരം പൊട്ടി കുറ്റിച്ചെടിയായി വളരുന്ന ഒരു കുരുമുളക് ചെടിയില്‍ നിന്നും ഒരു വര്‍ഷം കുറഞ്ഞത് ഒരു കിലോ ഉണങ്ങിയ കുരുമുളക് ലഭിക്കുമെന്ന് ഉല്പ്പാദകര്‍ അവകാശപ്പെടുന്നു.
ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയ ജൈവവളവും ഇടക്കിടെ ഇട്ട് നനച്ചു കൊടുക്കുന്നതും ഫൈട്രാന്‍ അല്ലെങ്കില്‍ ബോര്‍ഡോ മിശ്രിതം സ്‌പ്രേ ചെയ്യുന്നതും വിളവ് ഇരട്ടിയാക്കും. മണ്ണില്‍ നടുകയാണെങ്കില്‍ വലിയ കുഴിയെടുത്ത് ചകിരിതൊണ്ട്, ചാണകപ്പൊടി, ജൈവവളം എന്നിവ നിക്ഷേപിച്ച് വശങ്ങള്‍ ഇടിച്ചിട്ട് നികത്തിയ ശേഷം ചെറിയ കുഴിയെടുത്ത് തൈ വയ്ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here