കോതമംഗലം:ഭൂതത്താന്കെട്ടില് പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. തുമ്പോളി വികസനപ്പടിഞ്ഞാറ് പോപ്പച്ചന്റെ മകന് ബിനു (ബിനുക്കുട്ടന്-26)ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 4 മണിയോടെ പഴയ ഭൂതത്താന്കെട്ടിലായിരുന്നു അപകടം.
ബിനു ഉള്‍പ്പെട്ട ആറംഗ സംഘം 26-ന് നാട്ടില്‍ നിന്നും മൂന്നാറിന് യാത്രതിരിച്ചിരുന്നു. ഇവിടെ ഹില്‍ടോപ്പ് ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളില്ച്ചുറ്റിക്കറങ്ങി ഇന്ന് 3 മണിയോടെയാണ് ഇവര്‍ ഭൂതത്താന്കെട്ടിലെത്തുന്നത്. പഴയഭൂതത്താന്കെട്ട് ഭാഗത്ത് കഴിഞ്ഞ പ്രളയകാലത്ത് മണല്‍പ്പരപ്പ് രൂപപ്പെട്ടിരുന്നു.ഈ ഭാഗത്ത് പുഴയില്‍ ജലനിരപ്പ് കാര്യമായി ഉയര്ന്നിട്ടില്ലങ്കിലും അടിയൊഴുക്ക് ശക്തമാണ്.
ബിനു കുളിക്കാനായി ഇറങ്ങിയത് ഈ ഭാഗത്താണ്. നിന്നിരുന്ന ഭാഗത്തെ മണല്‍ ഒലിച്ചുപോയതിനെത്തുടര്‍ന്ന് ബിനു ഒഴുക്കില്‍പ്പെട്ടതാണ് ദുരന്തത്തിന് കാരണമായതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ബിനു ഒഴുക്കില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളില്‍ ഒരാള്‍ കൈകൊടുത്ത് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.ഒഴുക്കില്‍പ്പെട്ട സ്ഥലത്തുനിന്നും 30 മീറ്ററോളം താഴെ ഒന്നര ആള് താഴ്ചയുള്ള ഭാഗത്തും നിന്നും നാട്ടുകാരാണ് മൃതദ്ദേഹം കണ്ടെടുത്തത്. കോതമംഗലം പോലീസ് മേല്‍നടപടി സ്വീകരിച്ചുവരുന്നു.മൃതദ്ദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.