മക്കളുടെ കണ്‍മുന്നില്‍ അമ്മയെ കുത്തിക്കൊന്ന സംഭവം: പൊലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ പ്രതികള്‍ പിടിയില്‍

0
3

കടയ്ക്കല്‍: മക്കളുടെ കണ്‍മുമ്പില്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തെതുടര്‍ന്ന്. പാങ്ങലുകാട് ഗണപതിനട ചപ്പാത്ത് റിഫാന്‍ മന്‍സിലില്‍ റംലാബീവി (40)യെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് പുള്ളിപ്പച്ച തടത്തരികത്ത് വീട്ടില്‍ ഷാജഹാന്‍ (54), ചടയമംഗലം പോരേടം ചരുവിള പുത്തന്‍വീട്ടില്‍ നവാസ് (38), മേടയില്‍ റാണി മന്‍സിലില്‍ അജി (37), പുള്ളിപ്പച്ച സലീന മന്‍സിലില്‍ ഷംസീര്‍ (38) എന്നിവരെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30ന് ചപ്പാത്തിലെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. റംലാബീവിയും ഷാജഹാനുമായി വര്‍ഷങ്ങളായി പിണങ്ങി താമസിക്കുകയാണ്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ആണ്‍മക്കളുമായി റംലാബീവി ചപ്പാത്തിലെ വീട്ടില്‍ താമസിച്ചത്. വീടും വസ്തുവും വില്‍ക്കാതിരിക്കാന്‍ കോടതിയില്‍നിന്ന് വിധി സമ്പാദിച്ചതിലുള്ള വൈരാഗ്യവും വിവാഹബന്ധം ഒഴിയണമെന്ന ആവശ്യവും അംഗീകരിക്കാത്തതിനാലാണ് റംലാബീവിയെ വകവരുത്താന്‍ ഷാജഹാന്‍ പദ്ധതി തയ്യാറാക്കിയത്. ഇതിനായി സുഹൃത്ത് ഷംസീറിന്റെ സഹായത്താല്‍ നവാസിനെയും അജിയെയും ബന്ധപ്പെട്ട് 45,000 രൂപയ്ക്ക് ക്വട്ടേഷന്‍ ഉറപ്പിക്കുകയായിരുന്നു. 5000 രൂപ അഡ്വാന്‍സായും നല്‍കി. പിന്നീട് ഷാജഹാന്റെ വീട്ടില്‍ കൊലപാതകത്തിനുള്ള പ്ലാന്‍ തയ്യാറാക്കി. അജിയെ ബൈക്കിലിരുത്തിയ ശേഷം നവാസ് വീടിനുള്ളില്‍ കയറി മക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന റംലാബീവിക്കു നേരെ മുളകുപൊടി വിതറി ആക്രമിക്കുകയായിരുന്നു.കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് മുതുകില്‍ കുത്തിയശേഷം നവാസ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം ക്വട്ടേഷന്‍ ഉറപ്പിച്ചിരുന്ന തുകയില്‍ ബാക്കി ഷംസീര്‍ നവാസിനും അജിക്കും കൈമാറിയിരുന്നു. ഈ പണത്തില്‍നിന്ന് 37,000 രൂപ ഇരുവരുടെയും വീടുകളില്‍നിന്ന് പൊലീസ് സംഘം കണ്ടെത്തിയിരുന്നു. നവാസ് ചടയമംഗലം സ്റ്റേഷനിലെ ഒന്നിലധികം കേസുകളില്‍ പ്രതിയാണ്. ആല്‍ത്തറമൂടിനു സമീപം ഉപേക്ഷിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട റംലാബീവിയുടെ മക്കള്‍ പ്രതികളെ തിരിച്ചറിഞ്ഞു.ചൊവ്വാഴ്ച പകല്‍ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. റൂറല്‍ എസ്പി കെ ജി സൈമണ്‍, പുനലൂര്‍ ഡിവൈഎസ്പി എം ആര്‍ സതീഷ് കുമാര്‍, കടയ്ക്കല്‍ സിഐ വി എസ് പ്രദീപ്കുമാര്‍, എസ്‌ഐമാരായ വി സജു, ഇ എം സജീര്‍ എന്നിവരുടെ നേതൃത്വ ത്തിലായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here