ഉഷ്ണതരംഗ സാധ്യത; ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ജാഗ്രത തുടര്‍ന്ന് കേരളം

0
10

തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും ജാഗ്രത തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കനത്ത ചൂടാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നത്. ഇന്നും ചൂട് കൂടാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 37 ഡിഗ്രിവരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതിയും നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ ജലലഭ്യത ഉറപ്പാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം തീരുമാനിച്ചു. താല്‍ക്കാലിക ബണ്ട് നിര്‍മ്മിച്ച് നിലവിലുള്ള ജലം കരുതിവയ്ക്കാനും ആവശ്യമുള്ള ഇടങ്ങളില്‍ തടയണകള്‍ നിര്‍മ്മിക്കാനുമാണ് തീരുമാനം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.കോഴിക്കോട് കോര്‍പ്പറേഷന് കീഴിലെ ക്ലീനിംഗ് തൊഴിലാളികള്‍ ഉള്‍പ്പടെ വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടേയും പ്രവര്‍ത്തി സമയം ഉച്ചയ്ക്ക് 12 വരെയാക്കി പുതുക്കി നിശ്ചയിച്ചു. അടുത്ത ഒരു ആഴ്ചത്തേക്കാണ് ഈ പുതുക്കിയ പ്രവൃത്തി സമയം നിലനില്‍ക്കുക.രാവിലെ പതിനൊന്ന് മുതല്‍ വൈകീട്ട് മൂന്ന് വരെ നേരിട്ട് സൂര്യതാപം ഏല്‍ക്കുന്ന പണികള്‍ ചെയ്യിപ്പിക്കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടി സ്വീകരിക്കും. സ്‌കൂളുകളില്‍ അസംബ്ലികള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാനായി മിന്നല്‍ പരിശോധനകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കനത്ത ചൂടില്‍ ഹയര്‍സെക്കന്ററി പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ജല ലഭ്യത ഉറപ്പുവരുത്താന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്.

സൂര്യാഘാതം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
– പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം
– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക
– പരമാവധി ശുദ്ധജലം കുടിക്കുക
– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുകഅന്തിമ തീരുമാനമെടുക്കുക ഹൈക്കമാന്‍ഡായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here