എറണാകുളവും പത്തനംതിട്ടയും രാഹുലിന് വിട്ടു; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്

0
8

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയാക്കാനാകാതെ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി. സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്ന എറണാകുളം പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ധാരണയുണ്ടാക്കാന്‍ നേതാക്കള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു.

ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാനില്ലെന്ന നിലപാട് സ്‌ക്രീനിംഗ് കമ്മിറ്റിയിലും ആവര്‍ത്തിച്ചു. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പാനലില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്ല. സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്ന് പറയുമ്പോള്‍ അതില്‍ മുല്ലപ്പള്ളിയും ഉള്‍പ്പെടുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഹൈക്കമാന്റായിരിക്കും അന്തിമ തീരുമാനം എടുക്കുക.

കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കോഴിക്കോട്ട് സിറ്റിംഗ് എംപി മത്സരിക്കും . വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനും കെപി അബ്ദുള്‍ മജീദിന്റെയും പേര് സജീവ പരിഗണനയിലുണ്ട്. കെസി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആലപ്പുഴയില്‍ ആര് മത്സരിക്കുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്. ആറ്റിങ്ങലില്‍ പരിഗണിച്ചിരുന്ന അടൂര്‍ പ്രകാശ് ആലപ്പുഴയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം സജീവമായി ഉയര്‍ന്നിട്ടുണ്ട്.

പാലക്കാട്ട് ഷാഫി ഹറമ്പില്‍ മത്സരിക്കണമെന്ന വികാരമാണ് അണികളോട് സംവദിക്കുമ്പോള്‍ ഹൈക്കമാന്റിന് ലഭിച്ചതെന്ന സൂചനയുണ്ട്.മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചു് ധാരണയുണ്ടാക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും പതിനഞ്ചിന് ചേരും

LEAVE A REPLY

Please enter your comment!
Please enter your name here