കൃഷിക്കാര്‍ക്ക് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി: കടകംപള്ളി

0
30

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനം മറികടന്ന് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നബാര്‍ഡുമായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പ്രതികരിച്ചു. മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി ഭീഷണിയുമായി കോഴിക്കോട് ജില്ല സഹകരണ ബാങ്ക് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് വില നല്‍കാതെയാണ് ബാങ്കിന്റെ നടപടി. മൊറട്ടോറിയം കാലാവധി നിലനില്‍ക്കേ ജപ്തി നടപടികളുമായി മുന്‍പോട്ട് പോവുകയാണ് കോഴിക്കോട് ജില്ല സഹകരണ ബാങ്ക്. ബിസിനസുകാര്‍ക്കെതിരെയാണ് നടപടിയെന്ന് ബാങ്ക് ന്യായീകരിക്കുമ്പോള്‍ ഇരയാകുന്നത് കര്‍ഷകര്‍ തന്നെയാണ്. ചൊവ്വാഴ്ചത്തെ പ്രമുഖ ദിനപത്രങ്ങളില്‍ കോഴിക്കോട് ജില്ല സഹകരണ ബാങ്കിന്റേതായി വന്ന പരസ്യത്തിലാണ് ജപ്തി അറിയിപ്പ് വന്നത്. സര്‍ഫാസി നിയമപ്രകാരം കിടപ്പാടം ജപ്തി ചെയ്യുമെന്ന അറിയിപ്പ് പരസ്യപ്പെടുത്തിയിരിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴും ഇത്തരം നടപടികളുമായി മുന്‍പോട്ട് പോകുന്നതെന്തെന്ന ചോദ്യത്തിന് ഇവ ബിസിനസുകാരുടെ ലോണുകളാണ് എന്നാണ് ബാങ്ക് മാനേജരുടെ മറുപടി.
പട്ടികയില്‍ ബാങ്ക് ബിസിനസുകാരനാക്കിയ അബ്ദുള്‍ നാസറിന്റെ ഉപജീവനം കൃഷിയും കൂലിപ്പണിയുമാണ്. ഒരു ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി ഇരുനൂറ്ററുപത്തെട്ട് രൂപയാണ് അബ്ദുള്‍ നാസറിന്റെ ബാധ്യത. വീട് നവീകരിക്കാനാണ് വായ്പയെടുത്തത്. മത്സ്യകൃഷി നഷ്ടത്തിലായി.കൊക്കോ കൃഷിയും, തെങ്ങും ചതിച്ചു. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. മൂന്ന് ലക്ഷം രൂപ വായ്പയെടുത്ത അബ്ദുള്‍ നാസര്‍ രണ്ട് ലക്ഷത്തോളം രൂപ അടച്ച് തീര്‍ത്തു. ശേഷിക്കുന്ന ഒരു ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തില്‍ പരം രൂപയുടെ ബാധ്യതയാണ് ബാങ്ക് പത്രപരസ്യമാക്കിയത്. കഴിഞ്ഞ ആറിനാണ് അബ്ദുള്‍ നാസറിന് ജപ്തി നോട്ടീസ് കിട്ടിയത്.ഇക്കഴിഞ്ഞ അഞ്ചിനാണ് കര്‍ഷകരുടെ കാര്‍ഷിക, കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം കാലാവധി സര്‍ക്കാര്‍ നീട്ടിയത്. പ്രളയത്തെ തുടര്‍ന്ന് ജൂലൈ 31 വരെ പ്രഖ്യാപിച്ച മൊറട്ടോറിയമാണ് ഡിസംബര്‍ 31 വരെ നീട്ടിയത്. മൊറട്ടോറിയം പ്രഖ്യാപിച്ച കാലയളവില്‍ ജപ്തി നടപടികളുമായി ബാങ്കുകള്‍ മുന്‍പോട്ട് പോകാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാല്‍, കര്‍ഷക ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സഹകരണബാങ്ക് തന്നെ അട്ടിമറിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here