ജിബി സദാശിവന്‍

ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ എന്ന ചിത്രം മലയാളികള്‍ മറന്നുകാണാന്‍ ഇടയില്ല. ഇല്ലാത്ത കേന്ദ്രമന്ത്രിപദം ചൂണ്ടിക്കാട്ടി പാര്‍ട്ടിയിലെ എതിരാളിയെ മോഹിപ്പിക്കുകയും ആ വിടവിലൂടെ മാമച്ചനെന്ന നായകന്‍ കേരളത്തില്‍ മന്ത്രിയാകുകയും ചെയ്യുന്നതാണു ‘വെള്ളിമൂങ്ങ’യെന്ന സിനിമയുടെ ഇതിവൃത്തം. സംസ്ഥാനരാഷ്ട്രീയത്തിലെ അടിയൊഴുക്കുകള്‍ നന്നായറിയാവുന്ന മലയാളികള്‍ ആ സിനിമ സൂപ്പര്‍ഹിറ്റാക്കുകയും ചെയ്തു. കേരളത്തിലെ രാഷ്ട്രീയക്കളികള്‍ ആക്ഷേപ രൂപേണ അവതരിപ്പിച്ച ആ ചിത്രത്തിലെ മാമച്ചന്‍ എന്ന കഥാപാത്രം പല രാഷ്ട്രീയ നേതാക്കന്മാരുടെയും പ്രതിരൂപം തന്നെയായിരുന്നു. മാമച്ചന്റെ ഓരോ സീനും മലയാളികളെ കുടുകുടെ ചിരിപ്പിക്കുക മാത്രമല്ല രാഷ്ട്രീയത്തിലെ ചാണക്യതന്ത്രങ്ങള്‍ കൃത്യമായി വരച്ചു കാട്ടുകയും ചെയ്യുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വെള്ളിമൂങ്ങ സിനിമയും അതിലെ മാമച്ചന്‍ കഥാപാത്രവുമാണ് മലയാളികള്‍ക്ക് ഓര്‍മ്മ വരുന്നത്. ഭാവിയില്‍ മുഖ്യമന്ത്രിപദവും മന്ത്രിപദവും സ്വപ്‌നം കാണുന്ന അഭിനവ മാമച്ചന്മാരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം കീറാമുട്ടിയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്കും മന്ത്രിസ്ഥാനത്തേക്കും തനിക്കു വെല്ലുവിളിയാകാന്‍ സാധ്യതയുള്ളവരെയെല്ലാം എം.പിയാക്കി ഡല്‍ഹിക്കയയ്ക്കാനാണ് ഇവരില്‍ ഓരോരുത്തരുടെയും ശ്രമം.

കോണ്‍ഗ്രസ് നേതാക്കളെ പലരെയും പിടിച്ചുകെട്ടി മത്സരിപ്പിക്കേണ്ട ഗതികേടിലാണ് ഹൈക്കമാന്‍ഡ്. മത്സരിക്കാന്‍ താത്പര്യമില്ലാത്ത നേതാക്കളുടെ നിസംഗത കണ്ടു ഹൈക്കമാണ്ടിലെ മുതിര്‍ന്ന നേതാക്കള്‍ മൂക്കത്ത് വിരല്‍ വച്ച് നില്‍പ്പാണത്രെ. മുന്‍കാലങ്ങളില്‍ സീറ്റിനു വേണ്ടിയുള്ള മത്സരം കണ്ട മുതിര്‍ന്ന നേതാക്കള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ഒഴിഞ്ഞുമാറല്‍ രാഷ്രീയം വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലത്രെ. ഡല്‍ഹിയിലെ കേരള ഹൗസ് ജീവനക്കാരും സങ്കടത്തിലാണ്. മുന്‍കാലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണായ ചര്‍ച്ചകള്‍ തുടങ്ങിയാല്‍ ഖാദര്‍ധാരികളെ മുട്ടിയിട്ടു നടക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു അവിടെ. ഇപ്പോഴാകട്ടെ ഇന്നാ സീറ്റ് എന്ന് പറയുമ്പോള്‍ ഓ വേണ്ടാ, വേണ്ടാത്തോണ്ടാ എന്ന് പറയുന്ന നേതാക്കളെ കണ്ടിട്ട് ജീവനക്കാര്‍ക്ക് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലത്രേ. മാത്രമല്ല എഴുപത് കഴിഞ്ഞവരും യൂത്തന്മാരായി നടന്നിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ അന്‍പത് കഴിഞ്ഞവര്‍ പോലും അനാരോഗ്യം കാരണം സീറ്റ് വേണ്ടെന്നു പറയുന്ന കാഴ്ച എങ്ങനെ ഡല്‍ഹിയില്‍ ഇതൊക്കെ കണ്ടുവളര്‍ന്നവര്‍ക്ക് വിശ്വസിക്കാന്‍ കഴിയും.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടും കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവര്‍ക്കും പഴയ ആവേശം തീരെയില്ല. പിടിച്ചുകെട്ടി മത്സരിപ്പിച്ചാലും മത്സരിക്കില്ലെന്ന നിലപാടിലാണു പലരും. ഇതാകട്ടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അപൂര്‍വ കാഴ്ചയുമാണ്. മത്സരിക്കാതിരിക്കാനുള്ള ഈ മത്സരമാണ് ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ എങ്ങുമെത്താതിരിക്കാന്‍ കാരണവും. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാന്‍ മാറിനില്‍ക്കുകയാണ് ഇവരെന്നു ആരും കരുതേണ്ടതില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമോ ഇല്ലയോ എന്ന ആശങ്ക തന്നെയാണ് പലരെയും പിന്നോട്ട് വലിക്കുന്നത്. മുന്‍കാലങ്ങളില്‍ സീറ്റിനായി ഇവര്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ മറന്നിട്ടില്ലാത്ത മലയാളികള്‍ക്ക് ഇതൊക്കെ പുതുമയും അത്ഭുതകരവുമായ കാഴ്ചകളാണ്.

ഒരുറപ്പുമില്ലാതെ ഡല്‍ഹിയില്‍ ചെന്ന് വെറും എം.പിയായി നേരം കളയുന്നതിനേക്കാള്‍ നല്ലത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്ന കീഴ്വഴക്കമുള്ള കേരളത്തില്‍ കടിച്ചുതൂങ്ങാനാണു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെ താത്പര്യം. എങ്ങാനും എം.പിയായി ജയിക്കുകയും ഡല്‍ഹിയില്‍ ഭരണം കിട്ടാതിരിക്കുകയും ചെയ്താല്‍, ഭാവിയില്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്നാകും.

ഭാവിമുഖ്യമന്ത്രി സ്ഥാനത്തേക്കു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു മുഖ്യപ്രതിബന്ധം ഉമ്മന്‍ ചാണ്ടിയാണെന്നത് ആരും പറയാതെ തന്നെ മലയാളികള്‍ക്ക് അറിയാം. കേരളത്തില്‍ പ്രത്യേകിച്ച് പദവികളൊന്നും വഹിക്കാത്ത ഉമ്മന്‍ചാണ്ടിയെ ചെന്നിത്തല ഭയക്കുന്നതും ഈ ഒറ്റക്കരണത്താലാണ്. എളുപ്പത്തില്‍ കരഗതമാകുമായിരുന്ന കെ.പി.സി.സി. അധ്യക്ഷസ്ഥാനം പോലും വേണ്ടെന്നുവച്ച്, സംസ്ഥാനത്തു സര്‍വവ്യാപിയായി കഴിയവേയാണ് ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാക്കിയത്. തീരെ താത്പര്യമില്ലാതിരുന്നിട്ടും അദ്ദേഹത്തിന് ആ പദവി ഏറ്റെടുക്കേണ്ടിവന്നതോടെ ഐ. ഗ്രൂപ്പില്‍, പ്രത്യേകിച്ച് ചെന്നിത്തലയുടെ മനസ്സില്‍ ‘ലഡു പൊട്ടി’. അതിനു പുറമേയാണിപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ എങ്ങനെയും എം.പിയാക്കി നാടുകടത്തല്‍ പൂര്‍ണമാക്കാന്‍ ഒരവസരം കൈവന്നത്. അദ്ദേഹത്തിനാകട്ടെ പുതുപ്പള്ളിയും കേരളവും വിട്ടുകളിക്കാന്‍ ഇപ്പോഴുമില്ല താത്പര്യം. എന്നിട്ടും, ഉമ്മന്‍ ചാണ്ടി ഇടുക്കിയിലോ കോട്ടയത്തോ എന്ന മട്ടിലായിരുന്നു ആദ്യംമുതല്‍ പ്രചാരണങ്ങള്‍. ഉമ്മന്‍ ചാണ്ടി മത്സരിച്ചാലേ ഇടുക്കി പിടിച്ചെടുക്കാനാകൂവെന്നാണു രമേശ് ഹൈക്കമാന്‍ഡിനു നല്‍കിയ റിപ്പോര്‍ട്ട്. ഇടതുസ്ഥാനാര്‍ഥി വീണാ ജോര്‍ജായതോടെ പത്തനംതിട്ടയിലും ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരു സാധ്യതയില്ലത്രേ.

യു.പി.എ. സര്‍ക്കാരില്‍ കേന്ദ്രആഭ്യന്തര സഹമന്ത്രിയായിരുന്നിട്ടും ഇക്കുറി ലോക്‌സഭയിലേക്കില്ലെന്നു തീരുമാനിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമുണ്ട് കാരണങ്ങളേറെ. കാത്തുകാത്തിരുന്ന കിട്ടിയ കെ.പി.സി.സി. അധ്യക്ഷസ്ഥാനം കൊതിക്കുന്നവരാണു തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ചരടുവലിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഹൈക്കമാന്‍ഡില്‍ നല്ല സ്വാധീനമുണ്ടെങ്കിലും യു.പി.എ. അധികാരത്തിലെത്തുമോയെന്നതു പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിപദവി ഉറപ്പില്ല. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കൊരു തര്‍ക്കമുണ്ടായാല്‍ ഹൈക്കമാന്‍ഡിലുള്ള പിടി തനിക്കു ഗുണം ചെയ്യുമെന്നും മുല്ലപ്പള്ളിക്കറിയാം. ഇനി മുഖ്യമന്ത്രി സ്ഥാനം തന്നെ കിട്ടിയില്ലെങ്കിലും ഒരു താക്കോല്‍സ്ഥാനം വാങ്ങിയെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വരികയുമില്ല. അതുകൊണ്ടുതന്നെ താന്‍ സന്നദ്ധനല്ലെങ്കിലും ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്കു പോകണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനുമില്ല തര്‍ക്കം. പി. ജയരാജന്‍ മത്സരിക്കുന്ന വടകര ഇക്കുറി സുരക്ഷിതമല്ലെന്നു മുല്ലപ്പള്ളിക്കുമറിയാം.മുല്ലപ്പള്ളി എം.പിയായാല്‍ കെ.പി.സി.സി. അധ്യക്ഷപദവിയിലേക്കു തനിക്കു മുന്നിലുള്ള തടസമൊഴിയും എന്നതാണു കെ. സുധാകരന്റെ ഉള്ളിലിരിപ്പ്. ”ആരോഗ്യകാരണങ്ങളാല്‍” മത്സരിക്കാനില്ലെന്നു കണ്ണൂരിലെ കരുത്തന്‍ പറയാന്‍ കാരണം മറ്റൊന്നുമല്ല.

കെ.പി.സി.സി. അധ്യക്ഷപദവി പുല്ലുപോലെ വലിച്ചെറിഞ്ഞെങ്കിലും, ഭാവിയില്‍ ഗ്രൂപ്പ് തര്‍ക്കമുണ്ടായാല്‍ മുല്ലപ്പള്ളിയെപ്പോലെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നതാണു ഡല്‍ഹിയിലേക്കില്ലെന്നു പ്രഖ്യാപിക്കാന്‍ വി.എം. സുധീരനെയും പ്രേരിപ്പിക്കുന്നത്. മാത്രമല്ല മുന്‍പ് സംസ്ഥാന മന്ത്രിസഭയില്‍ ഇരുന്നു ഭരിച്ച തഴമ്പുമുണ്ട്. ഒരു താക്കോല്‍സ്ഥാനം മനസ്സില്‍ സ്വപ്‌നമായി കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചധികമായി. കയ്യിലിരുപ്പ് കൊണ്ട് ഗ്രൂപ്പുകാരും സാധാരണ പ്രവര്‍ത്തകരും തന്നെ നന്നായി തന്നെ ‘സഹായിക്കു’മെന്നും സുധീരന് അറിയാം.

എല്ലാവരെയും അമ്പരപ്പിച്ചാണ് എ.ഐ.സി.സിയുടെ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാലും ഇക്കുറി ആലപ്പുഴയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പക്ഷെ ഭാവിയിലെ ഭീഷണി മുന്നില്‍ കണ്ടു വേണുനാദം കേട്ടാലേ ആലപ്പുഴയിലെ കോണ്‍ഗ്രസ് ഉണരൂ എന്ന റിപ്പോര്‍ട്ട് ചെന്നിത്തല ശക്തമായി ഡല്‍ഹി ചര്‍ച്ചകളില്‍ ഉന്നയിക്കുന്നുണ്ട്. സമീപകാലത്ത് നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം രാഹുല്‍ ടീമിലെ വിശ്വസ്തര്‍, ചെറുപ്പക്കാരായവര്‍ ഉപമുഖ്യമന്ത്രി പദത്തിലോ പി സി സി അധ്യക്ഷ പദവിയിലോ എത്തിയ സാഹചര്യമാണ് വേണുഗോപാലിനെ ത്യാഗിയാക്കുന്നതെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്ക്കും ബോധ്യമുള്ളതാണ്. അതല്ല, ആരിഫ് എന്ന സ്ഥാനാര്‍ഥിയെ പേടിച്ച് വയനാട് എന്ന സുരക്ഷിത താവളം തേടിപ്പോവുകയാണെന്ന് പറയപ്പെടുന്നതിലും അല്‍പ്പം വസ്തുത ഇല്ലാതെയില്ല. വയനാട് പോലെ ഉറപ്പുള്ള ഒരു മണ്ഡലത്തില്‍ സിറ്റിംഗ് എം എല്‍ എ കൂടിയായ കെ. മുരളീധരന്റെ പേര് വന്നത് എങ്ങനെയെന്ന് അന്വേഷിച്ചു പോയവരും ചെന്നെത്തിയത് കന്റോണ്‍മെന്റ് ഹൗസിലാണത്രെ. തലയ്ക്ക് മുകളില്‍ തൂങ്ങിക്കിടക്കുന്ന ഡെമോക്ലീസിന്റെ വാളാണ് മുരളിയെന്ന് മറ്റാരേക്കാളും നന്നായി അറിയാവുന്നത് ചെന്നിത്തലയ്ക്ക് തന്നെയാണ്.

കെ.പി.സി.സി. അധ്യക്ഷപദവിയെന്ന സ്വപ്‌നം ഏറെക്കുറെ ഉപേക്ഷിച്ച കെ.വി. തോമസ് പക്ഷേ, എറണാകുളത്തു വീണ്ടും ചുവരെഴുത്ത് തുടങ്ങി. ഏറെ കൊതിച്ചിട്ടും കപ്പിനും ചുണ്ടിനുമിടയില്‍ അധ്യക്ഷപദവി നഷ്ടപ്പെട്ട കൊടിക്കുന്നില്‍ സുരേഷാകട്ടെ ഡല്‍ഹിയായാലും കേരളമായാലും വേണ്ടില്ലെന്ന നിസ്സംഗതയിലാണ്. എന്നാല്‍ സീറ്റുമോഹികളായ ഒരു പട്ടം യൂത്ത് കോണ്‍ഗ്രസുകാരുണ്ട്. പക്ഷെ സ്വന്തം പഞ്ചായത്തിലെ വോട്ടര്‍മാര്‍ പോലും ഇവരുടെ പേരുകള്‍ ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് ഇവരെ വിഷമിപ്പിക്കുന്നത്. ജയിക്കും എന്ന് ഉറപ്പുള്ള ഒരാളും ഈ പാര്‍ട്ടിയില്‍ ഇല്ലേ എന്നാണ് ഇപ്പോള്‍ ഈ അഭിനവ മാമച്ചന്മാരെ കണ്ട് വോട്ടര്‍മാര്‍ ചോദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here