ന്യൂസിലന്‍ഡില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും

0
2

തൃശ്ശൂര്‍: ന്യൂസിലന്‍ഡില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനിയും കൊച്ചി മാടവന പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യയുമായ അന്‍സി അലി ബാവയാണ് മരിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ന്യുസിലന്‍ഡ് കാര്‍ഷിക സര്‍വകലാശാലയില്‍ എം ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ന്യൂസിലന്‍ഡിലേക്ക് പോയത്. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഭര്‍ത്താവ് നാസര്‍ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണം സ്ഥിരീകരിച്ചുകൊണ്ട് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

49 പേരാണ് വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ ക്രൈസ്റ്റ്ചര്‍ച്ചിലെ മോസ്‌കില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ ഇന്ത്യാക്കാരായിരുന്നു. ഏഴ് ഇന്ത്യന്‍ പൗരന്‍മാരെയും രണ്ട് ഇന്ത്യന്‍ വംശജരെയും കാണാതായതായി ന്യൂസിലന്‍ഡ് ഹൈക്കമ്മീഷണര്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. വെടിവയ്പ്പില്‍ പരിക്കേറ്റ ഹൈദരാബാദ് സ്വദേശിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തീവ്ര വലതുപക്ഷ പാര്‍ട്ടിക്കാരനായ ഓസ്ട്രേലിയന്‍ സ്വദേശി ബ്രണ്ടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കറുത്ത വസ്ത്രം ധരിച്ച് പള്ളിയിലേക്ക് കയറിയ അക്രമി തുരുതുരെ നിറയൊഴിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here