വിട്ടുവീഴ്ചയില്ലാതെ ഗ്രൂപ്പുകള്‍; നാലു സീറ്റിലെ തര്‍ക്കം തീരുന്നില്ല; സ്ഥാനാര്‍ത്ഥി പ്രഖ്യാപനംഇന്ന്‌; ഉമ്മന്‍ ചാണ്ടി ഡല്‍ഹിക്ക്

0
16

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളും. അവശേഷിക്കുന്ന നാല് സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്ന്
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങളില്ല. വിശദമായ ചര്‍ച്ചയ്ക്ക് ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിയിലെത്തുമെന്നും മുല്ലപ്പളളി പറഞ്ഞു.

ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍, വടകര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതില്‍ വയനാട് സീറ്റിനെ ചൊല്ലി ഐ, എ ഗ്രൂപ്പുകള്‍ പോര് മുറുകിയിരിക്കുകയാണ്. സീറ്റ് ടി സിദ്ദിക്കിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി കടുംപിടുത്തത്തില്‍ നില്‍ക്കുമ്പോള്‍ സിറ്റിംഗ് സീറ്റ് വിട്ട് നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്. ബദല്‍ സ്ഥാനാര്‍ത്ഥി പട്ടികയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നേതാക്കള്‍ മുന്നോട്ട് വച്ചതോടെയാണ് സീറ്റ് നിര്‍ണ്ണയം വഴി മുട്ടിയത്.

തര്‍ക്കം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ഉമ്മന്‍ചാണ്ടിയോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടു. നാളെ വൈകീട്ട് ആന്ധ്രയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് തിരിക്കാനിരുന്ന ഉമ്മന്‍ചാണ്ടി ഇന്ന് രാത്രി തന്നെ വിമാനം കയറും. നാളെ രാവിലെ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി നാല് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മടക്കയാത്ര നീട്ടി.

അഞ്ച് പേരുടെ പട്ടികയാണിപ്പോള്‍ വയനാടിന് വേണ്ടി നിലവിലുള്ളത്. ടി സിദ്ദിക്കിന് വേണ്ടി ഉമ്മന്‍ചാണ്ടി നില്‍ക്കുമ്പോള്‍ ഷാനിമോള്‍ ഉസ്മാന്‍ പി അബ്ദുള്‍ മജീദ്, വിവി പ്രകാശ് കെ മുരളീധരന്‍ എന്നിവരെയും സജീവമായി പരിഗണിക്കുന്നുണ്ട്. വടകരയിലേക്ക് ടി സിദ്ദിക്കിനെ മാറ്റാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അഭിപ്രായ സമന്വയത്തിലെത്തിയിട്ടില്ല.

വയനാട്ടിലേക്ക് പരിഗണിക്കുന്ന ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് ആലപ്പുഴയിലും പ്രഥമ പരിഗണന. ആലപ്പുഴയും ആറ്റിങ്ങലും പരിഗണിച്ചിരുന്ന അടൂര്‍ പ്രകാശിന്റെ കാര്യത്തിലും ഇതോടെ അന്തിമ തീരുമാനം വൈകുകയാണ്. ഉമ്മന്‍ചാണ്ടി അടക്കം ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തുന്ന സമവായ നീക്കങ്ങളിലാണ് ഇനിയുള്ള പ്രതീക്ഷ. അതുകൊണ്ട് തന്നെ അന്തിമ തീരുമാനവും അനിശ്ചിതമായി വൈകുകയാണ്.

അതേസമയം, രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍ഗോഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലി അഭിപ്രായ ഭിന്നത മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും അച്ചടക്കത്തിന്റെ പരിധി ലംഘിക്കില്ല. അത്തരമൊരു പ്രശ്നം കാസര്‍ഗോഡ് മണ്ഡലത്തില്‍ ഉണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here