സംസ്ഥാനസര്‍ക്കാര്‍ സ്ഥിരം ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനം നീട്ടി

0
3

തിരുവനന്തപുരം: സംസ്ഥാനത്തിനായി സ്ഥിരമായി ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്ന കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിന്റെ സാമ്പത്തിക വശം പരിശോധിക്കാന്‍ ഇന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ഡിജിപിയുടെ പ്രതികരണം. സാങ്കേതിക കാര്യങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍ വേണമെന്നാണ് യോഗ തീരുമാനം. അടുത്ത യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡിജിപി അറിയിച്ചു. യാത്രക്കാരുടെ എണ്ണം, കരാര്‍ വ്യവസ്ഥകള്‍, എയര്‍പോര്‍ട്ട് അതോറിറ്റിയുമായുള്ള ധാരണ എന്നിവയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും. 27-ന് വിഷയം ചര്‍ച്ച ചെയ്യാന്‍ വീണ്ടും യോഗം ചേരും.പലപ്പോഴായി മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രകള്‍ വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. തൃശൂരില്‍ പാര്‍ട്ടി സമ്മേളനത്തില്‍ നിന്നും പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്. വി എസ് സര്‍ക്കാരിന്റെ കാലത്ത് തള്ളികളഞ്ഞ ശുപാര്‍ശ വീണ്ടും സജീവമാക്കാനുള്ള നീക്കം തുടങ്ങിയത് പൊലീസ് ആസ്ഥാനത്തു നിന്നുമായിരുന്നു

മാവോയിസ്റ്റ് വിരുദ്ധപോരാട്ടത്തിനും പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അടിയന്തര സേവനങ്ങളെത്തിക്കാനും ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുകയോ വാങ്ങുകയോ ചെയ്യണമെന്നായിരുന്നു ഡിജിപിയുടെ ശുപാര്‍ശ. പ്രളയം വന്നതോടെ ഹെലികോപ്റ്റര്‍ ചര്‍ച്ച വീണ്ടും സജീവമായി. ചിപ്‌സണ്‍, പവന്‍ഹാസന്‍സ് കോര്‍പ്പറേഷന്‍ എന്നീ രണ്ടു കമ്പനികള്‍ പൊലീസിനെ സമീപിച്ചു.രണ്ട് കമ്പനികളില്‍ ഒന്നിന് കരാര്‍ നല്‍കണമെന്ന പൊലീസ് ആസ്ഥാനത്തെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് ആദ്യം നിരാകരിച്ചു. ഇവര്‍ നല്‍കിയ വാടക നിരക്ക് കൂടുതലായതിനാല്‍ ടെണ്ടര്‍ വിളിക്കണമെന്നായിരുന്ന ആഭ്യന്തരവകുപ്പ് നിലപാട്. ഇതേ തുടര്‍ന്നാണ് കരാര്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയില്‍ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയെ കൂടാതെ ആഭ്യന്തര സെക്രട്ടറി, ഡിജിപി, പൊതുഭരണ സെക്രട്ടറി, വ്യോമായാനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ എന്നിവരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തു.പ്രതിമാസം നിശ്ചിത തുക വാടക സംസ്ഥാനം നല്‍കും, എപ്പോള്‍ ആവശ്യപ്പെട്ടാലും കരാര്‍ പ്രകാരമുളള മണിക്കൂറുകള്‍ ഹെലികോപ്റ്റര്‍ പറത്താന്‍ കമ്പനികള്‍ തയ്യാറണമെന്നാകും വ്യവസ്ഥ. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തപ്പോള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകള്‍ക്കും ഹെലികോപ്റ്റര്‍ ഉപയോഗിക്കും എന്നിങ്ങനെയായിരുന്നു ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നതിലെ വ്യവസ്ഥകള്‍, ഇതനുസരിച്ച് ഹെലികോപ്റ്റര്‍ ഉപയോഗിച്ചില്ലെങ്കിലും കമ്പനിക്ക് പണം കൊടുക്കേണ്ടിവരും

LEAVE A REPLY

Please enter your comment!
Please enter your name here