പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആര്; ടെന്‍ഷനടിച്ച് കേരള നേതൃത്വവും അണികളും; പിടികൊടുക്കാതെ അമിത് ഷാ

0
4

പത്തനംതിട്ട: ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒഴിച്ചിട്ട പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായി ആരുവരുമെന്ന ടെന്‍ഷനില്‍ കേരള നേതൃത്വവും അണികളും. അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിരിക്കും വരികയെന്നു ഏതാണ്ട് കണക്കുകകൂട്ടിയാണ് ബിജെപി സംസ്ഥാന നേതൃത്വം. പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള നേതാവ് ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് സൂചന പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്നും രാജ്യവ്യാപകമായി നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ന്യൂനപക്ഷ വിഭാഗക്കാരായ രണ്ട് കോണ്‍ഗ്രസ് നേതാക്കളുമായി ബി.ജെ.പി ദേശീയ നേതൃത്വം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ഒരാള്‍ മത്സരിക്കാന്‍ പാതി സന്നദ്ധത അറിയിച്ചുകഴിഞ്ഞതായാണ് സൂചന. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പ്രതികരിച്ചു.

അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. മണ്ഡലത്തില്‍ പരിചിതനായ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെയാണ് ബി.ജെ.പി പ്രധാനമായും പരിഗണിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ആയാല്‍ ത്രികോണ മത്സരത്തില്‍ ജയിക്കാനാകുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

ബിജെപി പൊതുസ്വതന്ത്രനായി മുന്‍ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇടഞ്ഞ് നില്‍ക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കുകയും കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുകയുമാണ് ഇതിലൂടെ ബി.ജെ.പി കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ശബരിമല വിഷയത്തില്‍ മനസുകൊണ്ട് ബിജെപിക്ക് ഒപ്പമായിരുന്നു. മാത്രമല്ല കോണ്‍ഗ്രസിന് വേണ്ടി സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കിയത് പ്രയാറാണ്.

അതിനാല്‍ തന്നെ പ്രയാറിനെ അനുനയിപ്പിച്ച് പൊതു സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ചരടുവലികളും തകൃതിയായി നടക്കുന്നുണ്ട്. പത്തനംതിട്ടയില്‍ മാത്രം ബിജെപി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാഞ്ഞതും അതിനാലാണെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രയാര്‍ സ്ഥാനാര്‍ത്ഥിയായാല്‍ എന്‍.എസ്.എസിനും എതിര്‍പ്പുണ്ടാകില്ല. എന്‍എസ്എസിന് ശ്രീധരന്‍ പിള്ളയോടാണ് താല്‍പര്യമെന്നും സൂചനയുണ്ട്.

പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം നാഷണല്‍ എക്‌സക്യൂട്ടീവ് അംഗം രാധാകൃഷ്ണ മേനോനെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് പറഞ്ഞ് വിട്ടിട്ടുണ്ടെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അനൗദ്യോഗികമായി പറയുന്നു. രാധാകൃഷ്ണമേനോനൊപ്പം മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും പോകും. ചര്‍ച്ചയില്‍ പ്രയാറിന്റെ കാര്യം മുന്നോട്ട് വെയ്ക്കുമെന്നാണ് അറിയുന്നത്. പ്രയാറിനെ സ്ഥാനാര്‍ഥി ആക്കിയാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി നേടാമെന്ന് ബി.ജെ.പി കരുതുന്നു. കോണ്‍ഗ്രസ് വിടില്ലെന്ന് പ്രയാര്‍ ആവര്‍ത്തിക്കുമ്പോഴും എന്‍എസ്എസ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അദ്ദേഹം മത്സരത്തിനിറങ്ങിയേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here