ഒടുവില്‍ കേരളത്തില്‍ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പേരുവിവരം പുറത്തുവന്നു. എന്‍.ഡി.എ ഘടകകക്ഷികള്‍ക്ക് പങ്കിടുന്ന ആറ് മണ്ഡലങ്ങള്‍ ഒഴികെ 14 സീറ്റാണ് ഇവിടെ ബി.ജെ.പി മത്സരിക്കുന്നത്. പത്തനംതിട്ട ഒഴികെ 13 ഇടത്തേയും സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ മുന്‍കാലങ്ങളില്‍ വഴിപാടു പോലെ മത്സരിച്ചിരുന്ന ബി.ജെ.പി ജയസാദ്ധ്യത കൂടി കണക്കിലെടുത്ത് വളരെ കരുതലോടെയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്. ശബരിമല പ്രശ്‌നം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ ആഗ്രഹിക്കുന്ന എന്‍.ഡി.എ ഏറെ വിജയപ്രതീക്ഷ പുലര്‍ത്തുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ മാത്രം എന്തുകൊണ്ടാണ് തല്ക്കാലം പ്രഖ്യാപിക്കേണ്ടെന്ന് വെച്ചത്?

സംസ്ഥാനത്തെ ബി.ജെ.പിയില്‍ പത്തനംതിട്ട സീറ്റില്‍ മത്സരിക്കാന്‍ നിരവധി നേതാക്കള്‍ ഉത്സാഹപൂര്‍വ്വം രംഗത്തുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റു തന്നെ അവിടെ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിച്ചയാളാണ്. എം. ഡി. രമേശ്, കെ. സുരേന്ദ്രന്‍ എന്നീ നേതാക്കളുടെ പേരും ഉയര്‍ന്നുവന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കാന്‍ ആഗ്രഹിച്ച ആദ്യസീറ്റും പത്തനംതിട്ട തന്നെ. ആ സീറ്റിനുവേണ്ടി നേതാക്കള്‍ വടംവലി തുടങ്ങിയപ്പോള്‍ പാര്‍ട്ടിയുടെ നേതൃകേന്ദ്രങ്ങൡ എവിടെനിന്നോ ആരോ ഇടപെട്ടതുപോലെ ഓരോരുത്തരും ഒന്നൊന്നായി പിന്‍വാങ്ങി. അങ്ങനെ കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി ആകുമെന്ന് ഉറപ്പാക്കി. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുരേന്ദ്രന്‍ ഒഴികെയുള്ളവരുടെ എല്ലാം പേരുകള്‍ വ്യാഴാഴ്ച സന്ധ്യയ്ക്ക് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ അസുഖകരമായ ഒരു സസ്‌പെന്‍സ് നിലനിര്‍ത്തി. ബി.ജെ.പിയ്ക്കും പുറത്തും ഇപ്പോള്‍ കേരളത്തില്‍ രാഷ്ട്രീയ കൗതുകമുള്ളവര്‍ അന്വേഷിക്കുന്നത് എന്തായിരിക്കും ആ സസ്‌പെന്‍സ് എന്നാണ്. നിരീക്ഷകരുടെ ഭാവന ചിറകുവിടര്‍ത്തുന്നുണ്ട്. പല ട്രോളുകളും പുറത്തുവരുന്നു. കോണ്‍ഗ്രസിലെ ചില അസംതൃപ്തരായ നേതാക്കള്‍ സംശയദൃഷ്ടിയിലാണ്. അവരിലാരെയെങ്കിലും തൊപ്പിയില്‍ നിന്നും മുയല്‍ എന്നപോലെ ബി.ജെ.പി നേതൃത്വം പത്തനംതിട്ടയില്‍ എടുത്തുയര്‍ത്തുമോ എന്നാണ് അഭ്യൂഹങ്ങള്‍. രാഷ്ട്രീയ വിസ്മയങ്ങളുടെ ജാലവിദ്യക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തോ ഒന്ന് വിചാരിച്ചിട്ടുണ്ട്.

ശബരിമല അയ്യപ്പക്ഷേത്രം ഉള്‍പ്പെട്ട ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട. ദേശീയശ്രദ്ധ ആകര്‍ഷിച്ച നീണ്ടുനിന്ന പ്രക്ഷോഭം കഴിഞ്ഞ മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ശബരിമല ക്ഷേത്രത്തെ ചൊല്ലിയുണ്ടായി. വിശ്വാസികളും ക്ഷേത്രഭരണകൂടവും സംസ്ഥാന സര്‍ക്കാരും ഭിന്ന ചേരികളില്‍ നിന്ന് ക്ഷേത്രാചാരത്തെ ചൊല്ലി തര്‍ക്കിച്ച സംഭവത്തിന്റെ അലയൊലികള്‍ കേരളത്തിന്റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കണോ എന്നതിനെ ചൊല്ലിയുള്ള തര്‍ക്കപ്രശ്‌നം സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പുനഃപരിശോധിച്ച് വരികയാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് ശബരിമല പ്രശ്‌നം ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമാണ്. അതുകൊണ്ട് പത്തനംതിട്ട സീറ്റിലെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തിന് പ്രത്യേകമായ ഒരു കരുതല്‍ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. 2014ല്‍ വാരണാസിക്കു പുറമേ ഗുജറാത്തിലെ ഒരു സീറ്റിലും നരേന്ദ്രമോദി ജനവിധി തേടിയിരുന്നു. ഇത്തവണ ദക്ഷിണേന്ത്യയിലെ അനുയോജ്യമായ ഒരു സീറ്റില്‍കൂടി അദ്ദേഹം മത്സരിക്കുന്നത് എന്തുകൊണ്ടും അര്‍ത്ഥവത്തായിരിക്കും. ശബരിമല തീര്‍ത്ഥാടന കേന്ദ്രം തെലുങ്കരുടേയും തമിഴരുടേയും മലയാളികളുടേയും കര്‍ണാടകക്കാരുടേയും ആരാധനാസ്ഥലമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ ലോക്‌സഭാ അംഗങ്ങളെ പ്രതീക്ഷിക്കുന്ന ബി.ജെ.പിക്ക് പ്രധാനമന്ത്രി മോദി ശബരിമലയില്‍ മത്സരിക്കുന്നത് രാഷ്ട്രീയമായി വലിയ ഗുണം ചെയ്യും. കേരളത്തിലെ അവരുടെ സാധ്യതയും കൂടുതല്‍ മെച്ചപ്പെടും. വാരണാസി മുതല്‍ പത്തനംതിട്ട വരെ നീളുന്ന ശൈവ-വൈഷ്ണവ പാരമ്പര്യത്തിന്റെ മഹിമ നരേന്ദ്രമോദിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here