രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് കേരള നേതാക്കള്‍; അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രനേതൃത്വം; നാളെ പറയാമെന്ന് മുല്ലപ്പള്ളി

0
2

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. കേരള നേതാക്കളുടെ ആവശ്യം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയില്‍ നിന്നും അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു .

അതേസമയം, രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാവുന്ന കാര്യത്തില്‍ എഐസിസിയുടെ സ്ഥിരീകരണമായില്ല. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ കാര്യത്തില്‍ അനുകൂല സൂചനകള്‍ ലഭിച്ചെന്ന് കേരളത്തിലെ നേതാക്കള്‍ അറിയിച്ചെങ്കിലും കേന്ദ്ര നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചില്ല. അന്തിമ തീരുമാനം നാളെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേ വാല പറഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമാവുമെന്ന് സുര്‍ജേവാല പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കണമെന്ന് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഏറെ താത്പര്യത്തോടെയാണ് കേരളത്തിലെ ജനങ്ങള്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനോട് പ്രകടിപ്പിക്കുന്ന ഈ താത്പര്യത്തില്‍ നന്ദിയുണ്ട്. ജനങ്ങളുടെ ആ വികാരം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനമാവും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി സ്വീകരിക്കുക. രാഹുലിന്റെ തീരുമാനം അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സുര്‍ജേവാല പറഞ്ഞു.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചില മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഉച്ചയ്ക്ക് മുല്ലപ്പള്ളി ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പിന്നീട് മാധ്യമങ്ങളെക്കണ്ട മുല്ലപ്പള്ളി വിവരങ്ങള്‍ നാളെ പറയാമെന്ന നിലപാടാണ് സ്വീകരിച്ചത്.

വയനാട്ടില്‍ ടി.സിദ്ദിഖിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സ്ഥിരീകകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികപ്രക്യാപനം വന്നിരുന്നില്ല. ടി സിദ്ദിഖിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സിദ്ദിഖ് പിന്‍മാറാന്‍ തയ്യാറാണെന്ന് അറിയിച്ചതായും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്ന് രാഹുല്‍ മത്സരിച്ചാല്‍ പാര്‍ട്ടിക്ക് കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും ഗുണം ചെയ്യുമെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍.

പിന്നാലെ വയനാട്ടില്‍ തട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ ചര്‍ച്ചകള്‍ക്കിടെ കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ‘രാഹുല്‍ജിക്ക് വയനാട് മത്സരിച്ചുകൂടേ?’ എന്ന് പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാഹുലിന്റെ മനസ് അറിയാനായിരുന്നു ചോദ്യമെങ്കിലും വയനാട്ടില്‍ മല്‍സരിച്ചാല്‍ കോണ്‍ഗ്രസ് സംഘടനാപരമായ പ്രതിസന്ധി നേരിടുന്ന കര്‍ണാടകത്തില്‍ അതിന്റെ ആവേശമുണ്ടാകുമെന്നും നേരത്തെ തന്നെ കേരള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞിരുന്നു. വയനാടിനെക്കുറിച്ച് തനിക്ക് നന്നായറിയാമെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒന്നാം നമ്പര്‍ വിജയസാധ്യതയുള്ള മണ്ഡലമാണെന്ന് ധാരണയുണ്ടെന്നും ആയിരുന്നു അന്ന് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. എന്നാല്‍ താന്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നത് അമേഠിയില്‍ നിന്നുതന്നെയാകുമെന്നും രാഹുല്‍ ഗാന്ധി കേരള നേതാക്കളോട് പറഞ്ഞു.

ഇതിനുശേഷം വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടി സിദ്ദിഖിനെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഗ്രൂപ്പ് പോരില്‍ പെട്ട് ഏറെ നീണ്ടുപോയത് മറ്റ് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ഉന്മേഷം കുറച്ചു. അമേഠിയെക്കൂടാതെ കേരളത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും ശക്തിയുള്ള മണ്ഡലമായ വയനാട്ടില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചുകയറാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെക്കേ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടിയാലേ ലോക്സഭയില്‍ പ്രതീക്ഷിക്കുന്ന സംഖ്യയിലേക്ക് കോണ്‍ഗ്രസിന് എത്താനാകൂ എന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം വീണ്ടും രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ നിന്ന് മത്സരിക്കണം എന്നാവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here