പി.എ അലക്‌സാണ്ടര്‍

2014ല്‍ മോദി തരംഗത്തില്‍ കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയില്‍ ഏഴ് സീറ്റുകളും ബി.ജെ.പി നേടിയെങ്കിലും ഇത്തവണ ഡല്‍ഹി സെവന്‍സില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അധികാരത്തിന്റെ സെവന്‍ റേസ് കോഴ്‌സ് റോഡിലേയ്ക്കുള്ള (ലോക് കല്യാണ്‍ മാര്‍ഗ്) മല്‍സരത്തില്‍ ദേശീയ തലസ്ഥാനം ഉള്‍പ്പെടുന്ന ഡല്‍ഹിയുടെ സംഭാവന ഏഴ് സീറ്റാണ്. ഡല്‍ഹിയുടെ ചരിത്രത്തില്‍ കൂടുതല്‍ കാലവും കേന്ദ്രത്തിലെ അധികാരക്കാറ്റിനൊപ്പം നിന്ന ചരിത്രമാണ് ഡല്‍ഹിയുടേത്.
1999ല്‍ ബി.ജെ.പി ഏഴും നേടിയിരുന്നു. 2004ല്‍ കോണ്‍ഗ്രസിനായിരുന്നു ആറ് സീറ്റ്. 2009ല്‍ അധികാരം നിലനിര്‍ത്തിയ യു.പി.എയ്‌ക്കൊപ്പമായിരുന്നു ഡല്‍ഹിയിലെ ഏഴ് സീറ്റും. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കൊപ്പമായിരുന്നു ഡല്‍ഹി.

ബി.ജെ.പിയും, കോണ്‍ഗ്രസും, ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് പ്രധാനമത്സരം. ആം ആദ്മിയുമായി സഖ്യത്തിനു ചില ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതാവ് പി. സി. ചാക്കോയുടെ നേതൃത്വത്തില്‍ നടന്നെങ്കിലും മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് സഖ്യ ശ്രമങ്ങള്‍ക്കെതിരായിരുന്നു. ഇതേ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഒറ്റയ്ക്കുതന്നെ മത്സരിക്കുമെന്ന നിലപാടിലാണ് ഡല്‍ഹി പി. സി. സി. പക്ഷേ രാഹുല്‍ ഗാന്ധി മറ്റു ചില അടവുനയങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ട്.

ബി.ജെ.പി സംസ്ഥാനത്ത് ശക്തമാണ്. പൂര്‍ണ്ണസംസ്ഥാന പദവിയാണ് ഡല്‍ഹിയുടെ പ്രധാന ആവശ്യം. കേന്ദ്ര ഗവണ്‍മെന്റുമായി ആം ആദ്മി പാര്‍ട്ടി നേതാവ് കേജ്‌രിവാള്‍ കടുത്ത അഭിപ്രായവ്യത്യാസത്തിലാണ്. കേന്ദ്രവുമായുള്ള അധികാരത്തര്‍ക്കം ഡല്‍ഹിയില്‍ പ്രധാന വിഷയമാണ്.
2014ല്‍ മോദി തരംഗത്തില്‍ ഏഴ് സീറ്റുകളിലും താമരയാണ് വിരിഞ്ഞത്. അന്ന് രണ്ടാം സ്ഥാനം ആം ആദ്മിക്കായിരുന്നു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിനെപ്പറ്റി ആഴത്തില്‍ ചിന്തിക്കേണ്ടതുണ്ട്. അന്ന് അരവിന്ദ് കേജ്‌രിവാളും ആം ആദ്മിയും തരംഗമായി. മൊത്തമുള്ള 70 സീറ്റില്‍ അറുപത്തി ഏഴും ആം ആദ്മിക്ക്.

2019 മേയ് 12നാണ് ഡല്‍ഹി പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ഇത്തവണ ആര് വിജയക്കൊടി നാട്ടുമെന്ന് പ്രവചിക്കാനാവില്ല. അത്ര കടുത്തതാണ് മത്സരം. ആം ആദ്മി കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചാല്‍ അതിന്റെ പ്രയോജനം ബി.ജെ.പിയ്ക്കായിരിക്കും.
യു.പി.എ ഭരണകാലത്തെ അഴിമതികളുടെ പേരില്‍ യു.പി.എ സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രതിഷേധ പ്രളയത്തിന്റെ സൃഷ്ടിയാണ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. കേജ്‌രിവാള്‍ അഴിമതിക്കെതിരെ ചൂലെടുത്തപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയി. 2019ല്‍ ആം ആദ്മിയുടെ ശത്രു മോദിയും, അമിത് ഷായുമാണ്. 2015 മുതല്‍ കേന്ദ്രസര്‍ക്കാരും മോദിയുമായി കടുത്ത ഏറ്റുമുട്ടലിലാണ്. കേജ്‌രിവാളും സംഘവും മോദിക്കെതിരെ പ്രതിപക്ഷ ശബ്ദം ഉയര്‍ത്തി ഇന്ത്യയൊട്ടുക്ക് ശ്രദ്ധ പിടിച്ചുപറ്റി.
2019ല്‍ കാറ്റ് ആര്‍ക്ക് അനുകൂലമെന്ന് പറയാന്‍ പ്രയാസം. കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കിയത് ബി.ജെ.പിയാണ്. പ്രശാന്ത് ഭൂഷണും, യോഗേന്ദ്ര യാദവും ബി.ജെ.പി വിട്ടു. കേജ്‌രിവാള്‍ ക്യാമ്പില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ കാണുന്നു. കോണ്‍ഗ്രസിന്റെ കൈ സഹായം കേജ്‌രിവാള്‍ ആഗ്രഹിക്കുന്നുണ്ട്. പഴയ ശത്രുത മറന്ന് കൈ കൊടുത്ത് കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ കേജ്‌രിവാള്‍ തയ്യാറാണ്. ഡല്‍ഹിയുടെ ചാര്‍ജ്ജുള്ള പി. സി. ചാക്കോയും കൈകൊടുക്കാന്‍ തയ്യാറാണ്. പക്ഷേ, ഷീല ദീക്ഷിത് അമ്പിനും വില്ലിനും അടുക്കുന്നില്ല. ഷീല ദീക്ഷിതിന്റെ കടുംപിടുത്തം രാഹുലിനെ ധര്‍മ്മസങ്കടത്തിലാക്കുന്നു. എങ്ങനെയെങ്കിലും സഖ്യം ഉണ്ടാക്കണമെന്ന നിലപാടിലാണ് പി. സി. ചാക്കോ. ഡല്‍ഹിയില്‍ ഐക്യം ഉണ്ടായാല്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ എല്ലാം കൂടി 30 സീറ്റില്‍ ഐക്യത്തിന്റെ പ്രയോജനം കിട്ടുമെന്നാണ് ചാക്കോയുടെ നിലപാട്.

കേജ്‌രിവാളിനെ നമ്പാന്‍ കൊള്ളില്ലെന്നാണ് ഷീല ദീക്ഷിതിന്റെയും കൂട്ടരുടെയും പക്ഷം. ഒരു മണ്ഡലം ഒഴിച്ചിട്ട് ആം ആദ്മി ആറു സീറ്റിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഒറ്റക്ക് കോണ്‍ഗ്രസ് മത്സരിക്കുമെന്ന് ഷീല ദീക്ഷിതും പ്രഖ്യാപിച്ചിട്ടുണ്ട്. എന്തായാലും രാഹുല്‍ഗാന്ധിയാണ് ഡല്‍ഹിയിലെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. അവസാനം ചില നീക്കുപോക്ക് ഉണ്ടാകുമെന്നാണ് പി. സി. ചാക്കോ കരുതുന്നത്. മൂന്നു സീറ്റുകള്‍ ആം ആദ്മിയും എടുത്ത് ഏഴാം സീറ്റ് ഒരു പൊതു സ്വതന്ത്രന് കൊടുക്കുന്ന പൊതുതത്വം രൂപം കൊണ്ടിട്ടുണ്ടെന്ന് ഉപശാലകളില്‍ സംസാരം ഉണ്ട്. എന്തായാലും പന്തിപ്പോള്‍ രാഹുല്‍ഗാന്ധിയുടെ കോര്‍ട്ടിലാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ കേജ്‌രിവാള്‍ വീട് വീടാന്തരം കയറിയിറങ്ങി ഒന്നാം ഘട്ട പ്രചാരണം നടത്തിക്കഴിഞ്ഞു. പൂര്‍ണ്ണ സംസ്ഥാന പദവിയാണ് പ്രധാന പ്രചാരണ വിഷയം. കേന്ദ്രവുമായുള്ള അധികാരത്തര്‍ക്കം ലെഫ്. ഗവര്‍ണറുടെ വീട്ടുപടിക്കല്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും നിരാഹാരം കിടക്കുന്നതുവരെ സംഗതികള്‍ എത്തിയിരുന്നു. പൂര്‍ണ്ണ അധികാരം ഇല്ലാത്തതിനാല്‍ പലതും ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ആം ആദ്മിയുടേയും, കേജ്‌രിവാളിന്റെയും പരാതി. മോദി സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പ്പര്യത്തിനു എതിര് നില്‍ക്കുകയാണെന്നും കേജ്‌രിവാളും സംഘവും ആരോപിക്കുന്നു. ബി.ജെ.പി പൂര്‍ണ്ണ സംസ്ഥാന പദവി ഡല്‍ഹിക്ക് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാനം മോദി വാക്ക് പാലിച്ചില്ലെന്നാണ് കേജ്‌രിവാളിന്റെ ആരോപണം. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തില്‍ നിര്‍ണായകമായ കുറേ കാര്യങ്ങള്‍ ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി കേജ്‌രിവാള്‍ അവകാശപ്പെടുന്നുണ്ട്. കുടിവെള്ള പ്രശ്‌നം ഡല്‍ഹിയില്‍ രൂക്ഷമാണ്. കുടിവെള്ള വിതരണരംഗത്തെ മാഫിയ വത്ക്കരണം ഇല്ലാതാക്കി മാസം 20000 ലിറ്റര്‍ വരെ സൗജന്യമായി നല്‍കിയതായി കേജ്‌രിവാള്‍ അവകാശപ്പെടുന്നുണ്ട്. വൈദ്യുതി നിരക്കില്‍ സംസ്ഥാന സര്‍ക്കാര്‍ കുറവ് വരുത്തിയതായി ആം ആദ്മിപ്പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നുണ്ട്. പൊതുവിദ്യാലയങ്ങളിലും, ആശുപത്രികളിലും നിരവധി പരിഷ്‌ക്കാരങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതായും കേജ്‌രിവാള്‍ പ്രചാരണം നടത്തുന്നുണ്ട്. വീട്ടുപടിക്കല്‍ സേവനങ്ങളെത്തിച്ചേര്‍ക്കാനും കേജ്‌രിവാളിന് കഴിഞ്ഞിട്ടുണ്ടെന്നും പൊതുജനത്തിനു അഭിപ്രായം ഉണ്ട്.

മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ കൈയില്‍ നിന്നു മെംബര്‍ഷിപ്പ് വാങ്ങി ബി.ജെ.പിയില്‍ ഈയിടെ ചേര്‍ന്നത് ബി.ജെ.പിക്ക് പുതുശക്തി പകര്‍ന്നിട്ടുണ്ട്. കേജ്‌രിവാളിന്റെ ശക്തനായ എതിരാളിയാണ് ഗൗതം ഗംഭീര്‍. സിറ്റിംഗ് എം.പി മീനാക്ഷി ലേഖിക്ക് പകരം ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഗംഭീര്‍ മല്‍സരിക്കും. ഗംഭീറിന്റെ വരവ് യുവാക്കളുടെ ഇടയില്‍ ബി.ജെ.പിക്ക് ഓളം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടിക്കാണിച്ചത്. ബി.ജെ.പി ഡല്‍ഹി പ്രസിഡന്റ് മനോജ് തിവാരി കേജ്‌രിവാളിനെതിരെ വാളോങ്ങി അങ്കത്തട്ടിലുണ്ട്. പുല്‍വാമയും ബാലാകോട്ടും നന്നായി പ്രചരിപ്പിക്കാനുള്ള സാഹചര്യമാണ് ഡല്‍ഹിയില്‍ ഉള്ളത്. പുല്‍വാമയ്ക്കു ശേഷം ഡല്‍ഹി നഗരത്തില്‍ ഇന്ത്യന്‍ പതാകകളേന്തി നിരവധി യുവാക്കളും, യുവതികളും ഡല്‍ഹി വീഥികളില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തിയിരുന്നു. പാകിസ്ഥാന്‍ മൂര്‍ദാബാദെന്നാണ് യുവാക്കള്‍ ആര്‍ത്തട്ടഹസിച്ച് വിളിച്ചത്. അടിസ്ഥാന സൗകര്യമേഖലകളില്‍ ബി.ജെ.പി ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് ബി.ജെ.പിയുടെ കണക്ക്കൂട്ടല്‍.

വാക്കുകളില്‍ വെടിമരുന്നു നിറച്ച് നിറയൊഴിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ തലയെടുപ്പുള്ള നേതാവാണെന്ന ബി.ജെ.പിയുടെ പ്രചാരണം യുവമനസുകളെ ഉത്തേജിപ്പിക്കുന്നുണ്ട്. എല്ലാ എതിര്‍പ്പുകളെയും അതിജീവിക്കാന്‍ പോന്ന അമാനുഷ ശക്തിയായി ബി.ജെ.പി മോദിയെ കാണുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന രാഹുല്‍ഗാന്ധി മോദിയുമായി ഏറ്റുമുട്ടുന്ന ധൈര്യശാലിയായ യുവാവാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണം. പ്രിയങ്കയുടെ കരങ്ങള്‍ രാഹുലിന്റെ കരങ്ങള്‍ക്കു ശക്തി കൂട്ടുന്നതായും കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാട്ടുന്നു. എതിര്‍ പാളയത്തിലേക്ക് ചാട്ടുളി പോലെ നീങ്ങുന്ന രാഹുലും ചെറുപ്പക്കാരുടെ ആരാധനാകേന്ദ്രമായി മാറിയിട്ടുണ്ട്. മോദിയും, രാഹുലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here