ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെയുള്ള കുറ്റപത്രം ഒമ്പതിന് കോടതിയില്‍ സമര്‍പ്പിക്കും; കന്യാസ്ത്രീകളുടെ സമരപ്രഖ്യാപനകണ്‍വന്‍ഷന്‍ മാറ്റിവെച്ചു

0
6

കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പോലിസ് ഈ മാസം ഒമ്പതിന് കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ തയറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ സംസ്ഥാന പോലിസ് മേധാവിയുടെ അനുമതി ലഭിച്ചുവെന്നും ഒമ്പതിന് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലിസ് അറിയിച്ചു. ഇതോടെ കുറ്റപത്രം വൈകുന്നുവെന്നാരോപിച്ച് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഇന്ന് എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് രാവിലെ എറണാകുളത്ത് അടിയന്തിര യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനം. എന്നാല്‍ ഇന്ന് വൈകിട്ട് എറണാകുളം വഞ്ചി സ്്വകയറില്‍ വിശദീകരണ യോഗം ചേരുമെന്നും പുതിയ നിലപാടുകള്‍ പ്രഖ്യാപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാമെന്ന് പോലീസ് അറിയിച്ച സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. ഒമ്പതാം തിയതിവരെ കാത്ത് നില്‍ക്കുമെന്നും വീണ്ടും വൈകുന്ന സാഹചര്യമുണ്ടായാല്‍ കന്യാസ്ത്രീകള്‍ 13 മുതല്‍ അനിശ്ചിത കാല സമരത്തിനിറങ്ങുമെന്നും സേവ് ഒവര്‍ സിസ്റ്റേഴ്സ് കണ്‍വീനര്‍ ഫെലിക്സ് ജെ പുല്ലൂടന്‍,ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി എന്നിവര്‍ പറഞ്ഞു.

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്.2017 ജൂണ്‍ 27നാണ് കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പീഡിപ്പിച്ചെന്ന പരാതിയുമായി കന്യാസ്ത്രീ പോലിസിനെ സമീപിച്ചത്. കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടായി. ഇതോടെ പ്രതിക്ക് സര്‍ക്കാരിലുള്ള സ്വാധീനമാണ് അറസ്റ്റ് വൈകിപ്പിക്കുന്നത് എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ കന്യാസ്ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ പ്രത്യക്ഷ സമരം തുടങ്ങി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഈ സമരത്തിനൊടുവിലായിരുന്നു ബിഷപ്പിനെ പോലിസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ അറസ്റ്റ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെ ബിഷപ്പ് അനുകൂലികള്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തു വരികയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 19ന് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരിട്ടുകണ്ട് കുറ്റപത്രം വൈകുന്നതില്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചക്കകം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അന്ന് എസ്പി നല്‍കിയ മറുപടി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിനായില്ല. ഇതേ തുടര്‍ന്ന് ഇന്നു മുതല്‍ കന്യാസ്ത്രീകള്‍ സമരം ആരംഭിക്കാന്‍ തയാറായതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കുവാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here