ചൂട് ഉയര്‍ന്നനിരക്കിലേക്ക്; 54 ഡിഗ്രിക്കു മുകളിലെത്തിയേക്കും; തിങ്കളാഴ്ചവരെ അതീവജാഗ്രതാ നിര്‍ദേശം

0
8

തിരുവനന്തപുരം: തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ജീവന് ഭീഷണിയാകുന്ന രീതിയില്‍ താപസൂചിക ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ചൂട് ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി വരെ വര്‍ധിക്കും. താപസൂചിക പ്രകാരം നാളെ വരെ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തുമെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 13 വരെ താപസൂചിക 54 ഡിഗ്രിക്ക് മുകളിലാകുമെന്നും ഈ ഘട്ടത്തില്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 14 വരെ വയനാട് ഒഴികെ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. 14 ന് പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകളിലാകും താപസൂചിക ഉയരുന്നത്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഇന്നലെ പാലക്കാട്ടാണ് ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്-39.6. തിരുവനന്തപുരത്തും(36.8) ആലപ്പുഴിയിലും(37.4) ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here