മലപ്പുറത്ത് ചരിത്രം തിരുത്താന്‍ സാനു; ആവര്‍ത്തിക്കാന്‍ കുഞ്ഞാപ്പ

0
15

എന്‍ വി മുഹമ്മദാലി
പുതിയ ഉടുപ്പും പുതിയ പേരും സ്വീകരിച്ചെങ്കിലും സ്വഭാവത്തിന് മാറ്റമൊന്നും വന്നിട്ടില്ലാത്ത പാര്‍ലമെന്റ്മണ്ഡലമാണ് മലപ്പുറം. കേരളത്തിലെ ഏറ്റവും പഴയ പാര്‍ലമെന്റ് മണ്ഡലങ്ങളിലൊന്നായ മഞ്ചേരിയെ പുനഃക്രമീകരിച്ചാണ് മലപ്പുറം മണ്ഡലം രൂപവത്ക്കരിച്ചത്. മുസ്ലീം ലീഗിന്റെയും, ലീഗ് യു ഡി എഫിന്റെ ഭാഗമായതുമുതല്‍ യു ഡി എഫിന്റെയും പൊന്നാപുരം കോട്ടതന്നെയായിരുന്നു മഞ്ചേരി. പുതിയ ഉടുപ്പും പേരും സ്വീകരിച്ചപ്പോളും അതില്‍ മാറ്റമൊന്നുമുണ്ടായില്ല. 1957മുതല്‍ 2004 വരെയുള്ള മഞ്ചേരി മണ്ഡല ചരിത്രത്തിലും, 2009 മുതല്‍ ഇതുവരെയും മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയല്ലാതെ മറ്റാരും ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടില്ല-2004ല്‍ ഒഴികെ. 1957ല്‍ ലീഗിലെ കെ പോക്കര്‍ സാഹിബും, 1962, 67, 71 തിരഞ്ഞടുപ്പുകളില്‍ ഇസ്മായീല്‍ സാഹിബും, അദ്ദേഹത്തിന്റെ മരണശേഷം1971 ലും, പിന്നീട് 1980, 84, 89 തിരഞ്ഞെടുപ്പുകളിലും ഇബ്രാഹീം സുലൈമാന്‍ സേട്ടും, 1991, 96, 98, 99 തിരഞ്ഞടുപ്പുകളില്‍ മുന്‍മന്ത്രി ഇ അഹമ്മദും മഞ്ചേരിയില്‍ നിന്നും ജയിച്ചു കയറി. 2004ല്‍ ഇ അഹമ്മദ് പൊന്നാനിയില്‍ മത്സരിച്ചപ്പോള്‍ പകരം വന്ന കെ പി എ മജീദ് പക്ഷേ, ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി കെ ഹംസയോട് ദയനീയമായി തോറ്റു. അതില്‍ പിന്നെയാണ് മഞ്ചേരി പേരുതന്നെ മാറ്റി മലപ്പുറമായത്. യു ഡി എഫിന്റെ ശക്തികേന്ദ്രമായ ചില മണ്ഡലങ്ങള്‍ നഷ്ടപ്പെടുകയും, എല്‍ ഡി എഫിന് വേരോട്ടമുള്ള പെരിന്തല്‍മണ്ണയടക്കം ചില മണ്ഡലങ്ങള്‍ പകരം കിട്ടുകയും ചെയ്‌തെങ്കിലും മലപ്പുറം ലീഗിന്റെയും, യു ഡി എഫിന്റെയും കോട്ട തന്നെയായി നിലകൊണ്ടു. അതില്‍നിന്നും മാറ്റമൊന്നും ഇത്തവണയും മുസ്ലീം ലീഗോ, യു ഡി എഫോ പ്രതീക്ഷിക്കുന്നുമില്ല.
2014 ലെ തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന മുസ്ലിം ലീഗിലെ ഇ അഹമ്മദ് ആയിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി. 194739 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആണ് അന്ന് അഹമ്മദ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി എം ലെ പി കെ സൈനബയെ മലര്‍ത്തിയടിച്ചത്. ആകെ പോള്‍ചെയ്ത 8,53467 വോട്ടുകളില്‍ പകുതിയിലധികം-51.29%-തന്റെ പെട്ടിയില്‍ വീഴ്ത്തിയാണ് ഈ തകര്‍പ്പന്‍ വിജയം അഹമ്മദ് നേടിയത് 4,37, 723 വോട്ടുകള്‍ അഹമ്മദിന് ലഭിച്ചു. പോള്‍ ചെയ്തവോട്ടിന്റെ 28. 47% നേടാനേ എല്‍ ഡി എഫിന് കഴിഞ്ഞുള്ളൂ. 2,42,984 വോട്ടുകളാണ് സൈനബയ്ക്ക് ലഭിച്ചത്. ബി ജെ പി സാഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശാകട്ടെ പോള്‍ ചെയ്ത വോട്ടിന്റെ 7.78% നേടി.-64705 വോട്ടുകള്‍. എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നാസറുദ്ദീന്‍ എളമരത്തിന് 47,863 വോട്ടുകള്‍(5.61%) ലഭിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രൊഫ. ഇസ്മായീലിനും ലഭിച്ചു 3.42% (29, 29,216) വോട്ടുകള്‍. തൊണ്ണൂറു ശതമാനവും മുസ്ലിം അംഗങ്ങള്‍ ഉള്ള എസ് ഡി പി ഐയും, വെല്‍ഫെയര്‍ പാര്‍ട്ടിയും മത്സരരംഗത്തുണ്ടായിട്ടും അഹമ്മദിന് റിക്കാര്‍ഡ് ഭൂരിപക്ഷം ലഭിച്ചത് എല്‍ ഡി എഫിനെ ഞെട്ടിക്കുകതന്നെ ചെയ്തു. 2009ലേക്കാള്‍ ഭൂരിപക്ഷത്തില്‍ 8.06%വര്‍ദ്ധനവാണുണ്ടായത്.
എന്നാല്‍ 2009ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2014ല്‍ യു ഡി എഫിന് 3.35 % വോട്ടുകളും, എല്‍ ഡി എഫിന് 11.41 %വോട്ടുകളും കുറഞ്ഞപ്പോള്‍ ബി ജെ പിക്ക് 2.98%വും, എസ് ഡി പി ഐക്ക് 5.61%വും വോട്ടുകള്‍ കൂടി. ആദ്യമായി മത്സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 3.42% വോട്ടുകള്‍ ലഭിച്ചു. 2009 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഇ അഹമ്മദിന് 54.64 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. (പോള്‍ ചെയ്തത്=7,83,230. അഹമ്മദിന് ലഭിച്ചത്=4,27,940) ഭൂരിപക്ഷം 1,15,597ല്‍ നിന്നും, 1,94,739 ആയി വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു എന്നതുമാത്രമാണ് 2014ല്‍ യു ഡി എഫിനുണ്ടായ നേട്ടമെന്ന് ചുരുക്കം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ടി കെ ഹംസയ്ക്ക് 39.88 ശതമാനം വോട്ടുലഭിച്ചപ്പോള്‍ 2014ല്‍ പി കെ സൈനബയ്ക്ക് 28.47 ശതമാനം വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. പോളിംഗ് ശതമാനം 76.81ല്‍ നിന്നും 71.26 ആയി കുറഞ്ഞത് ഇരുമുന്നണികളേയും ഒരു പോലെ ബാധിച്ചതാകാം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വന്ന അപാകം എല്‍ ഡി ഫിന്റെ വോട്ടുപെട്ടി ചോരാന്‍ ഇടയാക്കിയതുമാകാം. അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. 2009ല്‍ 4.60 % വോട്ടുകള്‍ നേടിയ ബി ജെപി 2014ല്‍ 7.58 ശതമാനത്തിലേക്ക് വളര്‍ന്നു.
ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ആണ് 2017ല്‍ മലപ്പുറം പാര്‍ലമെന്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഈ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം 71.33 ആയി ഉയര്‍ന്നു. പോള്‍ചെയ്ത വോട്ടിന്റെ 55.10 ശതമാനം അതായത് 5,15,330 വോട്ടുകള്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി നേടി. 2014 നെ അപേക്ഷിച്ച് 3.81 ശതമാനം വര്‍ദ്ധനവ്. കഴിഞ്ഞ തവണ കമ്മിവന്ന 3.35 ശതമാനം വോട്ടുകള്‍ ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് തിരിച്ചു പിടിക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പുതിയ വോട്ടര്‍മാര്‍ യു ഡി എഫിനെ പിന്തുണച്ചു എന്നര്‍ത്ഥം. അതേസമയം യു ഡി എഫിന്റെ ഭൂരിപക്ഷം 1,71,023 ആയി കുറഞ്ഞു. ഭൂരിപക്ഷത്തില്‍ 4.53 ശതമാനം ഇടിവാണുണ്ടായത്. ഇടതു പക്ഷമാകട്ടെ ശക്തനായ യുവ സ്ഥാനാര്‍ത്ഥിയെ ആണ് കളത്തിലിറക്കിയത്. അതിന്റെ ഫലവുമുണ്ടായി. യു ഡി എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞതുമാത്രമല്ല നേട്ടം. ഇടതുസ്ഥാനാര്‍ത്ഥി എം ബി ഫൈസല്‍ പോള്‍ചെയ്തവോട്ടിന്റെ 36.61% അഥവാ 3,44,307 വോട്ടുകളാണ് നേടിയത്. 8.34% വര്‍ദ്ധനവ്. 2014ല്‍ തകര്‍ന്നടിഞ്ഞ എല്‍ ഡി എഫിന് ആത്മവിശ്വാസം പകരുന്നതായിരുന്നു ഈ നേട്ടം. ഈ ആത്മവിശ്വാസമാണ് ഫൈസലിനെപ്പോലെ യുവാക്കളുടെ ഇടയില്‍ ശക്തമായ വേരുകളുള്ള വി പി സാനുവിനെ കളത്തിലിറക്കാന്‍ എല്‍ ഡി എഫിനെ പ്രേരിപ്പിച്ചത്. അതേസമയം, ഈ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 0.56% വോട്ടുകളുടെ ഇടിവുണ്ടായി. രണ്ടുതവണയും മത്സരിച്ചത് ബി ജെ പിയിലെ എന്‍ ശ്രീപ്രകാശ് ആയിരുന്നു. പ്രകാശിന് 65675 വോട്ടുകള്‍ ലഭിച്ചു.
ഇത്തവണ മലപ്പുറം മണ്ഡലത്തില്‍ 1369878 വോട്ടര്‍മാരാണുള്ളത്. എട്ട് സ്ഥാനാര്‍ത്ഥികളും. ഇടതുവലതുമുന്നണികളുടേയും ബി ജെ പിയുടേയും എസ് ഡി പി യുടേയും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ബി എസ് പി സ്ഥാനാര്‍ത്ഥിയുമുണ്ട് ഗോദയില്‍. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നില്ലെന്നുമാത്രമല്ല കേരളത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. 2014ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 29, 29,216 വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നത് നിസ്സാരമായി കാണേണ്ടതില്ല. കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാമണ്ഡലം. 2014ലെ തിരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളില്‍ ബി ജെ പി മൂന്നാം സ്ഥാനത്ത് വന്നപ്പോള്‍ മലപ്പുറം, വേങ്ങര എന്നിവിടങ്ങളില്‍ എസ് ഡി പി ഐ മൂന്നാം സ്ഥാനത്തെത്തി. വള്ളിക്കുന്നാണ് ബി ജെ പിയുടെ ശക്തികേന്ദ്രം. കോണ്ടോട്ടി, മഞ്ചേരി മണ്ഡലങ്ങളിലും ബി ജെ പി ശക്തമാണ്. പെരിന്തല്‍മണ്ണയെ മാറ്റി നിര്‍ത്തിയാല്‍ മറ്റുമണ്ഡലങ്ങളെല്ലാം യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ്. വേങ്ങര, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി മണ്ഡലങ്ങള്‍ യു ഡി എഫ് കോട്ടയുമാണ്. പെരിന്തല്‍മണ്ണയിലും 2014ല്‍ യു ഡി എഫ് 10614 വോട്ടിന്റെ ഭൂരിപക്ഷം നേടിയിട്ടുണ്ട്.
വി പി സാനു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)-എല്‍ഡിഎഫ്, പി.കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്)-യു ഡി എഫ്, ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), അബ്ദുല്‍ മജീദ്.പി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), അബ്ദു സലാം (സ്വതന്ത്രന്‍), പ്രവീണ്‍ കുമാര്‍(ബഹുജന്‍ സമാജ് പാര്‍ട്ടി), ഒ.എസ് നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), സാനു എന്‍.കെ (സ്വതന്ത്രന്‍) എന്നിവരാണ് മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സാനുവിനെ സംബന്ധിച്ചിടത്തോളം ഇത് കന്നിയങ്കമാണ്. മലപ്പുറം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം കന്നി വോട്ടര്‍മാരുള്ളത്-84438 കന്നിക്കാരുടേയും, യുവവോട്ടര്‍മാരുടേയും വോട്ടുകളിലാണ് സാനുവിന്റെ കണ്ണ്. എസ് എഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് എന്നനിലയില്‍ കാമ്പസുകളുമായും യുവാക്കളുമായുമുള്ള ശക്തമായ ബന്ധം ഉപയോഗപ്പെടുത്തി, ശക്തമായ പ്രചാരണപ്രവര്‍ത്തനമാണ് സാനു നടത്തുന്നത്. യു ഡി എഫ,് എല്‍ ഡി എഫിന്റെ ഈ തന്ത്രം തിരിച്ചറിഞ്ഞ് കാമ്പസുകളും, യുവജനക്ലബ്ബുകളും കേന്ദ്രീകരിച്ച് പ്രത്യേകം പ്രചാരണ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. കുടുംബയോഗങ്ങളിലും ഗൃഹസന്ദര്‍ശനങ്ങളിലും ഊന്നിയുള്ള പ്രവര്‍ത്തനമാണ് ബി ജെ പി സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന്‍ നടത്തുന്നത്. തങ്ങളുടെ പരമാവധിവോട്ടുകള്‍ പോള്‍ ചെയ്യിക്കുകയാണ് ലക്ഷ്യം. ബി ജെ പിയേയും, എല്‍ഡി എഫിനേയും, യു ഡി എഫിനേയും ശക്തിയുക്തം എതിര്‍ത്തുകൊണ്ട് എസ് ഡി പി ഐയും മത്സരരംഗത്തുണ്ട്. വിജയരാഘവനും ടി കെ ഹംസയും ആവര്‍ത്തിക്കുമെന്ന് എല്‍ ഡി എഫ് പറയുമ്പോള്‍ കണക്കുകള്‍ നിരത്തിത്തന്നെ യു ഡി എഫ് അത് തള്ളിക്കളയുന്നു. എന്നാല്‍ കന്നിവോട്ടര്‍മാരുടെ നിലപാടുകള്‍ വിജയത്തിന്റെ തിളക്കത്തെ ബാധിക്കാനിടയുണ്ടെന്നു കരുതുന്നവരും ഇല്ലാതില്ല.

LEAVE A REPLY

Please enter your comment!
Please enter your name here