എല്‍നിനോയ്ക്ക് സാധ്യത; ചൂടുകൂടും; മഴ കുറയും; വരുന്നത് വരള്‍ച്ചയുടെ നാളുകള്‍

0
23

കൊച്ചി: സംസ്ഥാനത്തെ കാലാവസ്ഥ തകിടം മറിഞ്ഞെക്കുമെന്ന് ആശങ്ക. കേരളത്തെ കാത്തിരിക്കുന്നത് കടുത്ത ചൂടും വരള്‍ച്ചയുമായേക്കാമെന്ന് സൂചന. നിലവിലെ സാഹചര്യങ്ങള്‍ കണക്കാക്കുമ്പോള്‍ എല്‍നിനോയ്ക്ക് 70 ശതമാനം സാധ്യതയാണുള്ളതെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല. വേനല്‍മഴ കിട്ടേണ്ട സമയമാണിത്. എന്നാല്‍, ഒറ്റപ്പെട്ട് ചിലയിടങ്ങളില്‍ പെയ്തത് ഒഴികെ കേരളത്തില്‍ കാര്യമായ വേനല്‍മഴ ലഭിച്ചിട്ടില്ല. ജൂണില്‍ തുടങ്ങേണ്ട മഴക്കാലത്തെക്കുറിച്ചും ആശങ്കയുണ്ട്. നമ്മുടെ മഴയുടെ ലഭ്യത എല്‍നിനോയെ അടിസ്ഥാനമാക്കിയാണെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല റഡാര്‍ സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.

ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ സാധാരണയായി രാജ്യത്ത് പ്രതീക്ഷിക്കുന്നത് 89 സെന്റീമീറ്റര്‍ മഴയാണ്. ഇതില്‍നിന്ന് 10 ശതമാനം കുറവാണ് മഴയെങ്കില്‍ അത് വരള്‍ച്ചയായാണ് വിലയിരുത്തുക. കേരളത്തില്‍ മണ്‍സൂണ്‍ കാലയളവില്‍ 200 മുതല്‍ 210 സെന്റിമീറ്റര്‍വരെ മഴ ലഭിക്കാറുണ്ട്. എന്നാല്‍, എല്‍നിനോ ഇതിലെല്ലാം മാറ്റംവരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

പസഫിക് സമുദ്രത്തില്‍ ഭൂമധ്യരേഖയോടുചേര്‍ന്ന് കടല്‍ജലത്തിന്റെ ചൂട് ക്രമാതീതമായി കൂടുന്നതാണ് എല്‍നിനോയ്ക്ക് കാരണം. ചൂട് രണ്ടുഡിഗ്രിമുതല്‍ അഞ്ചുഡിഗ്രിവരെ കൂടാം. രണ്ടുമുതല്‍ ഏഴുവര്‍ഷത്തിന്റെ ഇടവേളകളില്‍ ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാ പ്രദേശത്താണ് എല്‍നിനോ രൂപംകൊള്ളുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here