കെവിന്‍ വധം: എസ്‌ഐയെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി

0
5

കോട്ടയം: കെവിന്‍ വധക്കേസില്‍ ശിക്ഷാനടപടിക്ക് വിധേയനായ ഗാന്ധിനഗര്‍ എസ്ഐ എംഎസ് ഷിബുവിനെ തിരിച്ചെടുത്തത് വകുപ്പുതല നടപടികള്‍ക്കു വിധേയമായി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരം താഴ്ത്തി ഷിബുവിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയാണ് നിയമനം. സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇയാളുടെ സീനിയോറിറ്റി വെട്ടികുറയ്ക്കും. ശമ്പള വര്‍ധന തടയും. ഷിബുവിനെ പിരിച്ചുവിടാന്‍ നിയമതടസ്സങ്ങളുണ്ടെന്നുമാണ് പൊലീസിന്റെ വിശദീകരണം.

അതേസമയംആരോപണവിധേയനെ തിരിച്ചെടുത്തത് അറിഞ്ഞിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. തിരിച്ചെടുത്ത വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഇക്കാര്യത്തില്‍ കോട്ടയം എസ്പിയുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയാണ് തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കെവിന്റെ കുടുംബം ഷിബുവിന്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കാനും തീരുമാനിച്ചിരുന്നു.

സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഐജിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍വീസില്‍ പ്രവേശിക്കുകയായിരുന്നു. നേരത്തെ കേസില്‍ നീനുവിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ എ.എസ്.ഐ ബിജു ഉള്‍പ്പടെയുള്ളവരെ പിരിച്ചുവിടുകയും ചില പോലീസുകാരുടെ ആനുകല്യം തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.

എസ്.ഐ കൃത്യ സമത്ത് നടപടി എടുത്തിരുന്നെങ്കില്‍ കെവിന്റെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നില്ലെന്ന് കെവിന്റെ പിതാവ് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോയ ഉടന്‍തന്നെ കെവിന്റെ കുടുംബാംഗങ്ങള്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ട് എന്ന കാരണം പറഞ്ഞ് നടപടികള്‍ ഷിബു വൈകിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here