പാര്‍ട്ടി പിടിക്കാന്‍ ജോസഫ്; തെരഞ്ഞെടുപ്പു കമ്മീഷനു കത്തു നല്‍കി; മൂന്ന് എംഎല്‍എമാരുടെ പിന്തുണയെന്ന്

0
3

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് അധികാരത്തര്‍ക്കത്തില്‍ തന്ത്രപരമായ നീക്കവുമായി ജോസഫ് വിഭാഗം. പി ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനും ജോയ് എബ്രഹാമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ജോസ് കെ മാണി വിഭാഗം അറിയാതെയാണ് ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞുള്ള ഈ നീക്കം നടത്തിയത്. ഇതോടെ ജോസ് കെ മാണി വിഭാഗം പാര്‍ട്ടി പിളര്‍ത്തിയാലും നിയമപരമായി വിമതപക്ഷമായി കണക്കാക്കപ്പെടും.

കേരള കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള ജോസഫ് വിഭാഗത്തിന്റെ തന്ത്രപരവും നിയമപരവുമായ കരുനീക്കത്തിന്റെ ഭാഗമായാണ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തുനല്‍കിയത്. ചെയര്‍മാനായിരുന്ന കെ എം മാണി മരിച്ചതോടെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനായെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുള്ളത്. മൂന്ന് എംഎല്‍എമാരുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് ജോസഫ് വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

ജോസഫിന്റെ നടപടികളില്‍ ജോസ് കെ മാണി വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. എന്നാല്‍ സാങ്കേതികമായി ഇതിനെ ചെറുക്കാനാകാത്ത അവസ്ഥയിലാണ് ഇവര്‍. വിഭാഗീയത തുടരുകയാണെങ്കില്‍ ജോസിനും കൂട്ടര്‍ക്കും പാര്‍ട്ടി വിട്ടുപോകാം എന്ന നിലപാടിലാണ് ജോസഫ് പക്ഷം. ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും മറുപക്ഷത്ത് നില്‍ക്കുന്നതിനാല്‍ പാര്‍ട്ടി വിടുന്നവര്‍ക്ക് കേരള കോണ്‍ഗ്രസ് എം അംഗത്വവും പാര്‍ട്ടി സ്വത്തുക്കളും നഷ്ടമാകും. കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും എന്നതാണ് ജോസ് കെ മാണി പക്ഷത്തെ കുഴപ്പത്തിലാക്കുന്നത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാമിനെ ഒപ്പം കൂട്ടാനായതാണ് ജോസഫ് വിഭാഗത്തിന് തുണയായത്. സിഎഫ് തോമസും മോന്‍സ് ജോസഫും അടക്കം മൂന്ന് എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസിലും ലീഗിലുമൊന്നും സംസ്ഥാന കമ്മിറ്റി വോട്ടിനിട്ടല്ല ചെയര്‍മാനെ തെരഞ്ഞെടുക്കുന്നതെന്നും ജോസഫ് പക്ഷം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here