ആലുവ: ലോകത്ത് മതങ്ങൾ തമ്മിലുള്ള സംഘർഷം താരതമ്മ്യേന കുറഞ്ഞപ്പോൾ മതങ്ങൾക്കുള്ളിലെ ഭിന്ന ആശയക്കാർ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
ആലുവ അദ്വൈതാശ്രമത്തിൽ നടന്ന 97 -ാമത് സർവ്വമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള കണക്കുകളനുസരിച്ച് മതപരമായ സംഘർഷത്തിൽ ഒരു വർഷം ആയിരം പേരുടെ ജീവൻ നഷ്ടപ്പെടുന്നുണ്ടെങ്കിൽ താരതമ്മ്യേന ഏറെ താഴെയാണ് ഇന്ത്യയിലേത്. നൈജീരിയയിലും ഈജിപ്തിലും ട്യുണീഷയിലും സിറിയയിലും യമനിലും പാക്കിസ്ഥാനിലും ഏറ്റുമുട്ടുന്നത് രണ്ട് മതങ്ങളിൽപ്പെട്ടവരല്ല. ലോകത്ത് ആഭ്യന്തര സംഘർഷവും കുറഞ്ഞപ്പോൾ ഇന്ന് മതങ്ങൾക്ക് അകത്താണ് സംഘർഷം. വ്യത്യസ്ഥ വീക്ഷണങ്ങൾ വച്ച് പുലർത്തുന്നവർ തമ്മിലാണ് സംഘർഷം. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറക്കിലുമെല്ലാം മതങ്ങൾക്ക് അകത്താണ് സംഘർഷം.
വ്യത്യസ്ഥ ചിന്താഗതികൾ വച്ച് പുലർത്താനുള്ള സ്വാതന്ത്ര്യവും നമ്മുക്കുണ്ട്. എന്നാൽ തന്റെ വിശ്വാസം മാത്രം ശരിയെന്ന് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ശരിയല്ല. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും സമഭാവനയോടെ കാണണം. വ്യത്യസ്ഥന ചിന്താഗതികൾ വച്ചുപുലർത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യയിലുള്ളത് പോലെ ലോകത്ത് എവിടെയുമില്ല.
ഹിന്ദു മതം എന്നൊരു മതമില്ല. അതൊരു സംസ്‌കാരവും ജീവിത രീതിയുമാണ്. ക്ഷേത്രത്തിൽ പോകുന്നവനും പോകാത്തവനും ഹിന്ദുവാണ്. ആരെയും മാറ്റി നിർത്താൻ ആ ഹിന്ദു സംസ്കാരം ശ്രമിച്ചില്ല. എല്ലാവരെയും ഉൾകൊള്ളാൻ ശ്രമിച്ചു. ഓരോരുത്തർക്കും സ്വന്തം വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ലഭിച്ചത്, ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിലൂടെ കിട്ടിയതല്ല. ഇത് ഹിന്ദു സംസ്‌കാരത്തിന്‌റെയും ജീവിത രീതിയുടെയും ഭാഗമാണ്.
പ്രതിഷ്ഠയിലല്ല ചൈതന്യം കുടികൊള്ളുന്നതെന്നും അതിനപ്പുറം നമ്മളിൽ ഓരോരുത്തരിലുമുള്ള ചൈതന്യമാണ് ക്ഷേത്രത്തിലുള്ളതെന്നുമാണ് ശ്രീനാരായണ ഗുരുദേവൻ നമ്മെ പഠിപ്പിച്ചത്. അതായിരുന്നു കണ്ണാടി പ്രതിഷ്ഠ. അത് വിഗ്രഹ നിഷേധമല്ല, പകരം വിഗ്രഹത്തിൽ നിന്നും തുടങ്ങി പ്രപഞ്ചത്തിൽ നിലനിൽക്കുന്ന ചൈതന്യത്തെ ഉൾകൊള്ളാനാണ് പഠിപ്പിക്കുന്നത്. എതിർപ്പ് സംഘർഷത്തിന്‌റെ വഴിയിലേക്ക് പോകുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ മുഖ്യാതിഥിയായി. അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം എന്നിവർ സംസാരിച്ചു. ഡോ. ഗീവർഗീസ് മാർ കുറിലോസ്, സി.എച്ച്. റഹീം കണ്ണൂർ, സ്വാമി മുക്താനന്ദ യതി, മഞ്ജുഷ ഇമ്മാനുവൽ മിറിയം, പി. വേണുഗോപാൽ എന്നിവർ പ്രഭാഷണം നടത്തി. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ശിവഗിരി മഠം ട്രഷറർ സ്വാമി ശാരദാനന്ദ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here