തൃശൂര്‍: പതിനഞ്ചാമത് തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്ടി) മാര്‍ച്ച് ആറ് മുതല്‍ 12 വരെ നടക്കും. തൃശൂര്‍ ചലച്ചിത്രകേന്ദ്രം, ബാനര്‍ജിക്ലബ്, സെന്റ് തോമസ് കോളേജ്, കെ.ഡബ്ല്യു ജോസഫ് മെമ്മോറിയല്‍, തൃശൂര്‍ പ്രസ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 സിനിമകള്‍, 12 മലയാളസിനിമകള്‍ തുടങ്ങി 100 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. സുപ്രിയ മടങ്ങര്‍ളിയാണ് ഫെസ്റ്റിവെല്‍ ഡയറക്ടര്‍. പാസ് വിതരണം ആരംഭിച്ചു. മുതിര്‍ന്നവര്‍ക്ക് 1200 രൂപയും വിദ്യാര്‍ഥികള്‍ക്ക് 500 രൂപയുമാണ് ഫീസ്.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനമാഘോഷിക്കുന്ന വേളയില്‍ നവാഗത സംവിധായകരുടെ വിഭിന്ന കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കാന്‍ പുതുതായി ആഫ്രോ-ഏഷ്യന്‍ സിനിമയ്ക്കായുള്ള മഹാത്മാഗാന്ധി ആഫ്രോ-ഏഷ്യന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച സിനിമയ്ക്ക് പുരസ്‌കാരവും രണ്ടുലക്ഷം രൂപയും സമ്മാനിക്കും. വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഒമ്പത് സിനിമകളാണ് ഈ വിഭാഗത്തില്‍ മത്സരത്തിനുള്ളത്. 26 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം സിനിമകള്‍ ചലചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന രാംദാസാണ് ചലച്ചിത്രോത്സവത്തിന്റെ മുഖ്യവേദി. രാംദാസ്, രവികൃഷ്ണ തിയറ്ററുകളെ കൂടാതെ നഗരത്തിലെ മൂന്നാം സ്‌ക്രീന്‍ തൃശൂര്‍ പ്രസ് ക്ലബാണ്. കൂടാതെ തൃശൂര്‍ പ്രസ് ക്ലബ്ബ് ഇരിങ്ങാലക്കുട (മാസ് മൂവീസ്), വരന്തരപ്പിള്ളി (ഡേവിസ് തിയറ്റര്‍), തൃപ്രയാര്‍ (ശ്രീരാമ തിയറ്റര്‍), അഷ്ടമിച്ചിറ (മഹാലക്ഷ്മി തിയ്യറ്റര്‍), പഴയന്നൂര്‍ (ഷഡോസ് തിയറ്റര്‍) എന്നിവിടങ്ങളിലും പ്രദര്‍ശനം ഉണ്ടായിരിക്കും. കെ ഡബ്ല്യൂ ജോസഫ് ഫിലിം അവാര്‍ഡ് മത്സര വിഭാഗത്തില്‍ ഇന്ത്യയിലെ ഒമ്പതുഭാഷകളില്‍ നിന്നുള്ള നവാഗത സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മലയാളത്തില്‍നിന്ന് സുനിലിന്റെ ‘വിശുദ്ധരാത്രി’ എന്ന സിനിമയും മത്സരത്തിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here