ന്യൂഡൽഹി: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വെട്ടിലാക്കി ജ്യോദിരാത്യ സിന്ധ്യ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുൻ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സിന്ധ്യ രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കയച്ചു. സിന്ധ്യക്ക് ബിജെപി കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്.

രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് സിന്ധ്യയെ കോൺഗ്രസ് പുറത്താക്കിയതായി കോൺഗ്രസ് ജനറൽ സെക്ട്ട്റി കെ.സി.വേണുഗോപാൽ പ്രസ്താവനയിലൂടെ അറിയിച്ചു.

തനിക്കൊപ്പമുള്ള 18 എംഎൽഎമാരെ ബെംഗളൂരുവിലേക്ക് മാറ്റിയാണ് സിന്ധ്യ പാർട്ടി വിട്ടത്. ഇതിനിടെ മുഖ്യമന്ത്രി കമൽനാഥ് അടിയന്ത യോഗം വിളിച്ചു.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം കമൽനാഥിന്റെ വസതിയിലെത്തിയിട്ടുണ്ട്. എംഎൽഎമാരെ മാറ്റിയതു മുതൽ അനുരഞ്ജനത്തിനായി കോൺഗ്രസ് നേതൃത്വം തിരക്കിട്ട ശ്രമങ്ങൾ നടത്തിയെങ്കിലും സിന്ധ്യ ചർച്ചകൾക്ക് തയ്യാറായിരുന്നില്ല. പിസിസി അധ്യക്ഷ സ്ഥാനം നൽകാമെന്ന് കമൽനാഥ് സമ്മതം അറിയിച്ചെങ്കിലും സിന്ധ്യ അതിന് വഴങ്ങിയില്ല. സച്ചിൻ പൈലറ്റടക്കമുള്ള നേതാക്കളും സിന്ധ്യയുമായി ബന്ധപ്പെട്ടിരുന്നു. ഇതും ഫലം കണ്ടില്ല.

പടിഞ്ഞാറൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന സിന്ധ്യ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന മാധവറാവു സിന്ധ്യയുടെ മകനാണ്. 2012 മുതൽ 2014 വരെ മൻമോഹൻ സിങ് സർക്കാരിൽ ഊർജ്ജ മന്ത്രി ആയിരുന്നിട്ടുണ്ട്.

‘കഴിഞ്ഞ ഒരു വർഷമായി താൻ പാർട്ടി വിടുന്ന കാര്യം ചിന്തിച്ചുക്കൊണ്ടിരിക്കുയായിരുന്നു. എന്റെ ലക്ഷ്യവും ബോധ്യവും മുൻപുള്ളത് പോലെ തന്നെ തുടരും. സംസ്ഥാനത്തേയും രാജ്യത്തേയും ജനങ്ങളെ സേവിക്കും. ഈ പാർട്ടിക്കുള്ളിൽ നിന്ന്ക്കൊണ്ട് ഇനി എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ സിന്ധ്യ തന്റെ രാജിക്കത്തിൽ കുറിച്ചു. ഇന്നാണ് രാജി ഔദ്യോഗികമായി അറിയച്ചതെങ്കിലും ചൊവ്വാഴ്ചത്തെ തിയതിയാണ് രാജിക്കത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here