മൂവാറ്റുപുഴയുടെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യവും മുൻ മുനിസിപ്പൽ ചെയർമാനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. കെ. ആർ. സദാശിവൻ നായർ (82) അന്തരിച്ചു. കുറച്ചു കാലമായി തിരുവനന്തപുരത്ത് മകളോടൊപ്പമായിരുന്നു താമസം.
1938 ൽ കെ. ജി. മാധവൻ പിള്ളയുടെയും കമലാക്ഷിയമ്മയുടെയും മകനായാണ് സദാശിവൻ നായർ ജനിച്ചത്. മൂവാറ്റുപുഴയിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമ ബിരുദമെടുത്ത സദാശിവൻ നായർ 1963 ൽ അഭിഭാഷകനായി എൻറോൾ ചെയ്തു. എറണാകുളത്തെ പീറ്റർ & കരുണാകറിലാണ് കെ. ആർ. എസ്. എന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഇദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. 1968-69 ലാണ് മൂവാറ്റുപുഴ കോടതിയിൽ പ്രാക്ടീസ് തുടങ്ങുന്നത്. ക്രമേണ നഗരത്തിലെ പൊതുരംഗത്തെ സജീവ സാന്നിദ്ധ്യമായി മാറിയ കെ. ആർ. എസ്. താമസിയാതെ മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1975ൽ മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാനുമായി. നഗരസഭാ പ്രതിപക്ഷ നേതാവായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1991 ലെ കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (KILE) ചെയർമാനായിരുന്ന ഇദ്ദേഹം ദീർഘകാലം കെ. പി. സി. സി. അംഗമായും പ്രവർത്തിച്ചു.
മൂവാറ്റുപുഴ മേളയുടെ ആദ്യകാല അംഗങ്ങളിലൊരാളും പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ആർ. സദാശിവൻ നായർ, മൂവാറ്റുപുഴ ബാർ അസോസിയേഷൻ, മൂവാറ്റുപുഴ ശ്രീമൂലം യൂണിയൻ ക്ലബ്ബ് എന്നിവയുടെയും പ്രസിഡന്റായിരുന്നു. സംസ്ക്കാരം: മൂവാറ്റുപുഴ, കടാതി സംഗമം ജംഗ്ഷന് സമീപത്തെ വീട്ടുവളപ്പിൽ 19/03/2020, വ്യാഴാഴ്ച രാവിലെ 11 മണിക്ക്.
സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ (റിട്ട. ജോയിന്റ് ഡയറക്ടർ, ഫിഷറീസ് വകുപ്പ്), പ്രൊഫ. നാരായണൻ നായർ (റിട്ട. പ്രിൻസിപ്പാൾ, എൻ. എസ്. എസ്. കോളേജ്, നെന്മാറ), മണികണ്ഠൻ നായർ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സരോജിനിയമ്മ, സുഭദ്ര. ഭാര്യ: അംബുജാക്ഷിയമ്മ. മക്കൾ: സിന്ധു (മൂവാറ്റുപുഴ), സന്ധ്യ (തിരുവനന്തപുരം), സജിത്ത് (സിംഗപ്പൂർ). മരുമക്കൾ: മണി (ഓറഞ്ച്), രാകേഷ് (എൽ. ഐ. സി.), ഗോപിക.

LEAVE A REPLY

Please enter your comment!
Please enter your name here