തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ വൈകുന്നത് ഓൺലൈൻ ബുക്കിങ്ങിനുളള ആപ്ലിക്കേഷനായ ബെവ്ക്യൂവിന് ഗൂഗിളിന്റെ അനുമതി കിട്ടാത്തതുകൊണ്ടാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഗൂഗിളിന്റെ അനുമതി ലഭിച്ചതിനുശേഷമേ ആപ്പിലൂടെ ബുക്കിങ് നടത്താൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മദ്യ ശാലകൾക്കു മുന്നിലെ വലിയ തിരക്ക് കേരളത്തിന്റെ അനുഭവമാണ്. കോവിഡ് വ്യാപനത്തിന്റെ കാലമായതിനാൽ തിരക്ക് ഒഴിവാക്കുന്നതിനുളള സംവിധാനം ഒരുക്കേണ്ടതുണ്ട്. അതിനുശേഷം മദ്യവിൽപ്പന ശാലകൾ തുറക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മദ്യ വിതരണത്തിന്​ ഓൺലൈൻ ബുക്കിങ്ങിനുള്ള ആപ്ലിക്കേഷനായ ബെവ്ക്യൂവിന് ഗൂഗിളിന്റെ സുരക്ഷാ അനുമതി ഇതുവരെ കിട്ടിയിട്ടില്ല. അതിനാൽ മദ്യശാലകൾ തുറക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സർക്കാർ. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഗൂഗിൾ 6 കാര്യങ്ങളിൽ വ്യക്തത തേടിയിരുന്നു. ഇതിനുളള മറുപടി ആപ് ഡെവലപ്പ് ചെയ്ത സ്റ്റാർട്ടപ് കമ്പനി നൽകിയെന്നാണ് അധികൃതർ പറയുന്നത്. എറണാകുളം ആസ്ഥാനമായ ഫെയര്‍കോഡ് ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ട്അപ്പ് ആണ്‌‌ മദ്യവിൽപ്പനയ്‌ക്കുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ് തയ്യാറാക്കിയത്.

സംസ്ഥാനത്ത് മദ്യവിൽപ്പന ഇന്നു പുനരാരംഭിച്ചേക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ നിലവിലെ സാഹചര്യം അനുസരിച്ച് അടുത്തയാഴ്ച മാത്രമേ മദ്യവിൽപ്പന തുടങ്ങൂ. പക്ഷേ എന്നായിരിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്തശേഷം ആദ്യം ജില്ല തിരഞ്ഞെടുക്കണം. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പിൻകോഡ് നൽകിയാൽ അടുത്തുള്ള ബാറുകളുടെയും ബിവറേജസ് ഔട്ട്‌ലെറ്റുകളുടെയും പട്ടിക ലഭിക്കുകയും വേണ്ട കട തിരഞ്ഞെടുക്കുകയും ചെയ്യാം. ഓരോ ഔട്ട്‌ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടും ഉണ്ടാകും.ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ക്കൊപ്പം എസ് എം എസ് സംവിധാനം വഴിയും മദ്യം വാങ്ങുന്നതിനുള്ള സമയം തീരുമാനിക്കാന്‍ കഴിയും. ഒരിക്കല്‍ ടോക്കണ്‍ ലഭിച്ചു കഴിഞ്ഞാല്‍ അത് എഡിറ്റ് ചെയ്യാന്‍ ആകില്ല.

മദ്യം വാങ്ങാൻ താൽപ്പര്യമുള്ള സമയം തിരഞ്ഞെടുത്താൽ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട്ട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ വിശദാംശം ലഭിക്കും. ഇതിൽ ഒരു ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്താൽ ക്യു ആർ കോഡ് അല്ലെങ്കിൽ ടോക്കൺ നമ്പർ ലഭിക്കും. നൽകുന്ന പിൻകോഡിന്റെ പരിധിയിൽ ഔട്ട്‌ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം. അനുവദിച്ച സമയത്ത് ഔട്ട്‌ലെറ്റിൽ എത്താനായില്ലെങ്കിൽ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും. സാധാരണ മൊബൈൽ ഉപയോഗിക്കുന്നവർക്ക് എസ്എംഎസ് അയച്ച് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ സ്വന്തമാക്കാം. പിൻകോഡ് അടക്കമുള്ള വിശദംശങ്ങൾ നൽകിയിരിക്കുന്ന ഫോൺ നമ്പരിലേക്ക് എസ്എംഎസ് ആയി അയച്ചാൽ ടോക്കൺ ഉപയോക്താവിന്റെ ഫോണിലേക്കും എസ്എംഎസ് ആയി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here