മുഖ്യമന്ത്രി പിണറായി വിജയന്‌ ഇന്ന് 75 . ജന്മദിനം പ്രമാണിച്ച്‌ പ്രത്യേക ആഘോഷമൊന്നുമില്ല. കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരിക്കുംമുഖ്യമന്ത്രി. 1945 മെയ്‌ 24നാണ്‌ മുഖ്യമന്ത്രി ജനിച്ചത്‌. ഇരുപത്തിയഞ്ചാം വയസിൽ എംഎൽഎയായ പിണറായി പിന്നീട് പതിനഞ്ച് വർഷത്തിലേറെ സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, കേരള മുഖ്യമന്ത്രി എന്നീ പദവികളിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

2016 ൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലാണ് തന്റെ ജനന തിയതിയുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളോട് പിണറായി പ്രതികരിച്ചത്. അന്ന് അവിടെ കൂടിയിരുന്ന മാധ്യമപ്രവർത്തകർക്കെല്ലാം പിണറായി മധുരം വിതരണം ചെയ്‌ത് പറഞ്ഞു: “എല്ലാവർക്കും മധുരം തരുന്നുണ്ട് ആദ്യം. എന്ത് വകയാണെന്ന് പറയാൻ കഴിയോ ആർക്കെങ്കിലും? ഇന്നാണ് എന്റെ പിറന്നാൾ. അത് ഇതേവരെ രഹസ്യമായി വച്ചതാണ്. പലരും എന്നോട് ചോദിച്ചു..എപ്പഴാണ്, എന്നാണ് പിറന്നാൾ എന്ന്. ഔദ്യോഗിക രേഖ അനുസരിച്ച് 21-3-44 ആണ്. എന്നാൽ, യഥാർഥത്തിൽ 1720 ഇടവം പത്തിനാണ്. അതായത് 1945 മേയ് 24”

തന്റെ ജന്മദിനത്തിന്‌ വലിയ പ്രത്യേകതയില്ലെന്നും നാട്‌ നേരിടുന്ന വിഷമസ്ഥിതി മറികടക്കുകയാണ്‌ പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘നാം മുന്നോട്ട്’‌ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. “ജന്മദിനത്തിന്‌ പ്രത്യേകതയൊന്നുമില്ല, ആ ദിവസം കടന്നുപോകുന്നു എന്ന്‌ മാത്രം. നാടൊന്നാകെ നേരിട്ടുകൊണ്ടിരിക്കുന്ന വിഷമസ്ഥിതിയാണ്‌ നാം പ്രധാനമായിട്ട്‌ കാണേണ്ടത്‌. ഇത്തരമൊരു ഘട്ടത്തിൽ ജന്മദിനത്തിന്റെ കാര്യത്തിലൊന്നും വലിയ പ്രസക്തിയില്ല. ആളുകൾ ആശംസ അറിയിക്കുന്നത്‌ ഇത്രയും നാൾ ആയല്ലോ എന്ന സന്തോഷത്തിൽ അയക്കുന്നതാണ്‌. അത് സ്വാഭാവികമായിട്ടുള്ള ഒന്നാണ്” പിണറായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here