തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിദഗ്ധ സമിതി മുഖ്യമന്ത്രിക്കു നേരിട്ടു കൈമാറി. ആരോഗ്യപ്രവര്‍ത്തകരിലും പൊതുജന സമ്പർക്കമുള്ളവരിലും പരിശോധനകള്‍ വര്‍ധിപ്പിച്ചാലേ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരികയുള്ളൂവെന്നും സമിതി നിര്‍ദേശിച്ചു. 14 ആരോഗ്യ പ്രവര്‍ത്തകർക്ക് അടക്കം 57 പേര്‍ക്ക് 19 ദിവസത്തിനുള്ളില്‍ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതര്‍ സംസ്ഥാനത്തുണ്ടെന്നും സമൂഹ വ്യാപനസാധ്യതയാണ് ഇതു കാണിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസത്തിനുളളില്‍ മൂവായിരത്തോളം പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നാണ് സര്‍ക്കാര്‍ നിഗമനം.സംസ്ഥാനത്ത് ഇന്നലെ മാത്രം 67 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയർന്ന തോതാണിത്. ഇതിൽ 27 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും തമിഴ്നാട്ടിൽ നിന്നെത്തിയ 9 പേർക്കും പുറമെ ഗുജറാത്തിൽ നിന്നു വന്ന അഞ്ച് പേർക്കും കർണാടകയിൽ നിന്നുള്ള ഒരാൾക്കും പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നും കേരളത്തിലെത്തിയ ഓരോരുത്തർക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

പാലക്കാട് ജില്ലയിൽ ഇതോടകം സമൂഹവ്യാപനം നടന്നതായി ആശങ്കയുണ്ട്. ഇന്നലെ മാത്രം 29 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തി നേടി രണ്ടാഴ്ച കഴിയുമ്പോഴാണ് ജില്ലയിൽ ക്രമാതീതമായി രോഗികളുടെ എണ്ണം വർധിക്കുന്നത്. നിലവിൽ 82 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസർകോഡിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാടും രോഗവ്യാപനം തീവ്രമാകുമ്പോൾ സമൂഹവ്യാപനമെന്ന ഭീതികൂടിയുണ്ട്. ജില്ലയിൽ നിലവിൽ 18 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 936 ആയി. 415 പേർ നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അതേസമയം, കേരളത്തിൽ കോവിഡ്-19 നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേർ സംസ്ഥാനത്താകെ നിരീക്ഷണത്തിലാണ്. ഇതിൽ 103528 പേർ വീടുകളിലും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലുമാണ്. 808 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ചൊവ്വാഴ്ച മാത്രം 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here