സംവരണവാർഡുകളിലെല്ലാം മാറ്റമുണ്ടാകും……

തിരുവന്തപുരം:  സംവരണവാർഡുകളിൽ മാറ്റം വരുത്തി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബറിന് മുമ്പ് പൂർത്തിയാക്കും. ഒക്ടോബർ അവസാനം രണ്ടുഘട്ടങ്ങളിലായാണ്  ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, കോർപ്പറേഷൻ, നഗരസഭ തെരെഞ്ഞെടുപ്പുകൾ നടക്കുക.
ജില്ലാ പഞ്ചായത്ത് 14, ബ്ലോക്ക് പഞ്ചായത്ത് 152, ഗ്രാമപ്പഞ്ചായത്ത് 941, മുനിസിപ്പാലിറ്റി 86 എന്നിവിടങ്ങളിലാണ് പുതിയ ഭരണസമിതി വരിക. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ടുദിവസത്തെ ഇടവേളകളിലാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു. 
മട്ടന്നൂർ നഗരസഭയിൽ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാത്തതിനാലാണ് അവിടെ തിരഞ്ഞെടുപ്പ് നടത്താത്തത്. നവംബർ 12-നുമുമ്പാണ് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടത്. കോവിഡ് രോഗബാധ തുടരുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചും മുൻകരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന.  
തിരഞ്ഞെടുപ്പിന് നാലരമാസത്തിലേറെയുണ്ട്. സെപ്റ്റംബറിൽ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യം. വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. പട്ടിക പ്രസിദ്ധീകരിക്കാൻ ഏതാനും ദിവസത്തെ ജോലിമാത്രമേ ശേഷിക്കുന്നുള്ളൂ.പേരുചേർക്കാൻ ഒരിക്കൽക്കൂടി അവസരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here