പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ജൂൺ 15 മുതൽ തുടർ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടർ പാഠഭാഗങ്ങളാണ് ജൂൺ 15 മുതൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ എത്തിക്കുന്നത്.
ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സമർപ്പിച്ച മാതൃകാ വീഡിയോക്ലാസുകൾ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകൾ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകൾ തയാറായിട്ടുണ്ട്.
എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജൻസികൾ തയാറാക്കുന്ന വീഡിയോ ക്ലാസുകൾ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങളുടെയും പുറമെനിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിംഗിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്. ഈ പ്രവർത്തനങ്ങൾ അവധി ദിവസങ്ങളിൽ പോലും എസ്.സി.ഇ.ആർ.ടിയിൽ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വീഡിയോ ക്ലാസുകൾ ഘട്ടംഘട്ടമായി തയാറാക്കും. ഇതിന്റെ ഭാഗമായി ഉർദു, സംസ്‌കൃതം, അറബിക് വിഷയങ്ങളുടെ വീഡിയോ ക്ലാസുകളും ജൂൺ 15ന് തുടങ്ങുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here