ന്യൂഡൽഹി: ഇന്ത്യൻ സന്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടനിൽ സംഘടിപ്പിച്ച ഗ്ലോബൽ ഇന്ത്യ വീക്കിന്റെ വർച്വൽ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സാന്പത്തിക വീണ്ടെടുക്കലിന്റെ പച്ചപ്പ് കണ്ടുതുടങ്ങി. ലോകത്തിലെ ഏറ്റവും തുറന്ന സന്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ആഗോള നിക്ഷേപകർക്ക് ഇന്ത്യ ചുവന്ന പരവതാനി വിരിച്ചു. ആഗോള പുനരുജ്ജീവന കഥയിൽ ഇന്ത്യ പ്രധാന പങ്കുവഹിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തിനിടയിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സന്പദ്വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധാലുവാണ്. ലോക്ക്ഡൗണിൽ ഉറങ്ങി കിടക്കുകയായിരുന്ന സന്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ സാങ്കേതിക മേഖലയെയും വിദഗ്ധരെയും ആർക്കാണു മറക്കാൻ സാധിക്കുക. ആഗോളതലത്തിൽ സംഭാവന ചെയ്യാൻ കഴിയുന്ന പ്രതിഭകളുടെ ശക്തികേന്ദ്രമാണ് ഇന്ത്യ. വികസ്വര രാജ്യങ്ങളിൽ ഉൾപ്പെടെ മരുന്നുകളുടെ വില കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു.