ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ പോര് രൂക്ഷമായതിനെത്തുടർന്ന്  തന്നെ അനുകൂലിക്കുന്ന 25 എം.എൽ.എ.മാരുമായി ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തി. മുഖ്യമന്ത്രി അശോക് ഗെഹലോട്ടുമായി മാസങ്ങളായി നീണ്ടു നിന്ന അഭിപ്രായ വ്യത്യാസങ്ങൾക്ക് ഒടുവിലാണ് സച്ചിൻ പൈലറ്റിന്റെ യുദ്ധ പ്രഖ്യാപനം.

മറ്റു ചെറിയ പാർട്ടികളുടെതടക്കം 48 പേരുടെ ഭൂരിപക്ഷമുണ്ട് ഗെഹലോട്ട് സർക്കാരിന്.

അതുകൊണ്ടുതന്നെ, നിലവിലുള്ള സ്ഥിതി വെച്ച് കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ രാജസ്ഥാനിൽ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിക്ക് കഴിയുകയില്ല.

2018 നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സച്ചിൻ പൈലറ്റിനെ മുൻനിർത്തിയായിരുന്നു കോൺഗ്രസ് പ്രചാരണം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ്  പാർട്ടി നൽകിയത് രാഷ്ട്രീയ വനവാസത്തിലേക്ക് കടക്കാനായി ഒരുങ്ങി നിൽക്കുന്നു എന്ന് ഏവരും പ്രതീക്ഷിച്ചിരുന്ന ഗെഹലോട്ടിനായിരുന്നു.

പിന്നീട് സച്ചിൻ പൈലറ്റിനെ ഒതുക്കാനായി പല നീക്കങ്ങളും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ തന്നെ നടത്തി എന്നാണ് സച്ചിൻ ക്യാമ്പന്റെ ആരോപണം.

സച്ചിൻ പക്ഷത്തുള്ള എം.എൽ.എ.മാർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയെന്നും സച്ചിനെതിരെ ആരോപണങ്ങൾ ഉയർത്തി പോലീസ് ചോദ്യം ചെയ്യുവാൻ വിളിപ്പിച്ച സംഭവങ്ങൾ വരെ ഉണ്ടായി എന്നും അവർ പരാതി പറയുന്നു.

അതിനിടെ 22 എംഎൽഎമാരുമായി മധ്യപ്രദേശിൽ പാർട്ടി വിട്ടു ബി.ജെ.പി യിൽ എത്തി രാജ്യസഭാ എം.പി. ആയി കഴിഞ്ഞമാസം തിരഞ്ഞെടുക്കപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ സച്ചിനെ പിന്തുണച്ചുകൊണ്ട് ട്വിറ്ററിലെത്തി. കഴിവുള്ളവർക്ക് കോൺഗ്രസിൽ സ്ഥാനമില്ല എന്ന് സിന്ധ്യ ട്വീറ്റ് ചെയ്തു.

സിന്ധ്യയുടെ പാർട്ടി മാറ്റത്തിലൂടെ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ വീണിരുന്നു. ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാൻ ആണ് ഇപ്പോൾ മധ്യപ്രദേശ് ഭരിക്കുന്നത്.

സച്ചിൻ പൈലറ്റും 25 എം.എൽ.എ. മാരും ബി.ജെ.പി. യിൽ ചേരും എന്നുള്ള അഭ്യൂഹമുണ്ട്.
വളരെ നാളായി രാജസ്ഥാൻ കോൺഗ്രസിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാത്തതിന് മുതിർന്ന കോൺഗ്രസ് നേതാവായ കപിൽ സിബൽ സ്വന്തം പാർട്ടിക്കെതിരെ രംഗത്തെത്തി.

പാളയത്തിൽ നിന്ന് കുതിരകളെ കാണാതായ ശേഷം മാത്രമേ നമ്മൾ ഉണരൂ എന്ന് സിബൽ ട്വീറ്റ് ചെയ്യ്തു.

വിഷയം പരിഹരിക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നേതാക്കൾ ജയ്പൂരിലും ന്യൂഡൽഹിയിലും തിരക്കിട്ട ചർച്ചകൾ നടത്തുകയാണ്.

രാഹുൽ ഗാന്ധിയേക്കാൾ കഴിവുള്ള നേതാക്കളാണ് സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും എന്നും ആയതിനാൽ തന്നെ കോൺഗ്രസിൽ അവരെ ഒരു പരിധി വിട്ട് വളരാൻ അനുവദിക്കില്ല എന്നും പല രാഷ്ട്രീയ നിരീക്ഷകരും മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here