ന്യൂഡല്‍ഹി: രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ സമാധാനവും അഭിവൃദ്ധിയുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സെക്ഷനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലിക ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെ പ്രതിനിധീകരിക്കാന്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കേണ്ടത്. ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സെക്ഷനുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഐക്യരാഷ്ട്ര സഭയുടെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ വികസന മുദ്രാവാക്യം സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് ആരെയും പിന്നിലാക്കരുതെന്ന സുസ്ഥിര വികസന ലക്ഷ്യ തത്ത്വത്തെ പ്രതിധ്വനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കാനായി മറ്റ് രാജ്യങ്ങളെ സഹായിക്കാനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ കുറിച്ചും അദ്ദേഹം യോഗത്തില്‍ സംസാരിച്ചു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണെങ്കിലും സാമൂഹിക സാമ്പത്തിക സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ നേടിയ വിജയം ആഗോള സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചൊലുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വച്ഛ് ഭാരത് അഭിയാന്‍ വഴി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക, സ്ത്രീ ശാക്തീകരണം, സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തല്‍, ഭവന നിര്‍മ്മാണം, ആരോഗ്യ പരിപാലനം എന്നിങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്ത് പുരോഗമിക്കുകയാണ്.

പാരിസ്ഥിതിക സുസ്ഥിരതയിലും ജൈവവൈവിധ്യത്തിലുള്ള ഇന്ത്യയുടെ ശ്രദ്ധയെ കുറിച്ചും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. അന്താരാഷ്ട്ര സോളാര്‍ അലൈന്‍സ് സ്ഥാപിക്കുന്നതിലും ഇന്ത്യ നിര്‍ണായക പങ്കു വഹിച്ചു. വിവിധ രാജ്യങ്ങളിലേക്ക് മരുന്നുകള്‍ കയറ്റി അയക്കുന്നതിലും സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത പ്രതികരണ തന്ത്രം ഏകോപിക്കുന്നതിന് ഇന്ത്യ നല്‍കിയ പിന്തുണയെ കുറിച്ചും അദ്ദേഹം യോഗത്തില്‍ അനുസ്മരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here