ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശസ്ത്രക്രിയയ്ക്ക് വിധേയനായി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യുന്നതിനായാണ് ശസ്ത്രക്രിയ്ക്ക് വിധേയനായത്. ശസ്ത്രക്രിയക്ക് ശേഷം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആര്‍മി റിസര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രിയിലാണ് പ്രണബ് മുഖര്‍ജി ചികിത്സയിലുളളത്. ഇന്ന് രാവിലെ അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചത്.

ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കൊറോണ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.