ന്യൂഡൽഹി : കൊറോണ വാക്സിൻ ഗവേഷണങ്ങളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ന് ചേർന്ന അവലോകന യോഗം കൊറോണ ഗവേഷണങ്ങളുടെ പുരോഗതി  വിലയിരുത്തി.

കൊറോണ വാക്സിൻ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികളുമായാണ് ഗവേഷക സംഘം മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി വാക്സിൻ ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമാകണമെന്ന നിർദ്ദേശവും മുന്നോട്ട് വച്ചു.

ഇന്ത്യൻ വാക്സിൻ ഗവേഷകരെയും , അതിനു പിന്നിൽ യത്നിക്കുന്ന എല്ലാവരെയും പ്രശംസിച്ച പ്രധാനമന്ത്രി ഈ ശ്രമങ്ങളെല്ലാം സുഗമമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പ് നൽകി . .

വാക്സിൻ സംഭരണത്തിനായി ഹബുകൾ ഉണ്ടാക്കുന്നതിന്റെ ചർച്ചയും യോഗത്തിൽ ഉണ്ടായി . മിക്ക വാക്സിനുകളും ഒരു നിശ്ചിത താപനിലയിൽ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യേണ്ടതിനാൽ അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.

മൂന്ന് വാക്സിനുകൾ ഇപ്പോൾ ഇന്ത്യയിൽ പരീക്ഷണത്തിലാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് തദ്ദേശീയ വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഭാരത് ബയോടെക് അതിന്റെ രണ്ടാം ഘട്ട പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഫലങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷ .

യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, നീതി ആയോഗ് അംഗങ്ങൾ , മുതിർന്ന ശാസ്ത്രജ്ഞർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here