തിരുവനന്തപുരം:കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം. ഏഴ് പതിറ്റാണ്ട് നീണ്ട കാവ്യ ജീവിതത്തിനാണ് അന്ത്യമായത്. മലയാള കവിതയ്ക്ക് അതുല്യ സംഭാവനകൾ നൽകിയ കവി.

ടീച്ചറുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ഹൃദയത്തിൻ്റെയും വൃക്കകളുടെയും പ്രവർത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.

 

ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാൽ യന്ത്രസഹായത്തോടെ നൽകുന്ന ഓക്സിജൻ പോലും സ്വീകരിക്കാൻ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുയായിരുന്നു. കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധർ സംയുക്തമായി രോഗാവസ്ഥ വിശകലനം ചെയ്യുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.

 

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതൽ. സ്നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയർത്തി.

 

സ്വാതന്ത്രസമരസേനാനിയും എഴുത്തുകാരനുമായിരുന്ന ബോധേശ്വരന്റെയും പ്രഫ. വി.കെ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 നാണ് ജനനം. തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here