തിരുവനന്തപുരം: കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഇക്കൊല്ലത്തെ ആറ്റുകാൽ പൊങ്കാല നടത്താൻ തീരുമാനം. കർശന നിയന്ത്രണങ്ങളോടെയാണ് പൊങ്കാല നടത്തുന്നത്. പൊതു സ്ഥലങ്ങളിൽ പൊങ്കാലയിടാൻ അനുവദിക്കില്ല. ക്ഷേത്ര വളപ്പിൽ മാത്രമെ പൊങ്കാലയിടാൻ അനുവദിക്കൂ. സ്വന്തം വീടുകളിൽ പൊങ്കാലയിടാമെന്നും ക്ഷേത്ര ഭരണ സമിതി അറിയിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.കൊറോണയുടെ പശ്ചാത്തലത്തിൽ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നത്. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി ചടങ്ങുകൾ ഇക്കൊല്ലം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയാണ് ക്ഷേത്ര ദർശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. ഗ്രീൻ പ്രോട്ടോക്കോളും കൊറോണ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും.

ഫെബ്രുവരി 19ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആറ്റുകാലിൽ ഉത്സവം തുടങ്ങും. കഴിഞ്ഞ കൊല്ലം കൊറോണയുടെ ആരംഭത്തിലാണ് ആറ്റുകാൽ പൊങ്കാല നടന്നത്. കൊറോണ ആശങ്കയുയർത്തിയെങ്കിലും കർശന നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here