തിരുവനന്തപുരം: മൻ കി ബാത്തിൽ പ്രധാനമന്ത്രി പരാമർശിച്ച കോട്ടയം കുമരകം സ്വദേശി രാജപ്പന് കേരള ഗവർണറുടെ അഭിനന്ദനം. രാജ്യത്തും സംസ്ഥാനത്തും ശുചിത്വവും ആരോഗ്യവും നിലനിർത്തുന്നതിൽ രാജപ്പൻ എല്ലാവർക്കും മാതൃകയാണെന്ന് ഗവർണർ ട്വിറ്ററിൽ കുറിച്ചു.

നമ്മുടെ പരിസ്ഥിതിയെ കൂടുതൽ വൃത്തിയുളളതാക്കി നിലനിർത്താൻ ജനങ്ങൾ രാജപ്പനിൽ നിന്ന് പ്രചോദനം ഉൾക്കൊളളണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. പരിസ്ഥിതിയെ കൂടുതൽ ശുചിത്വമുളളതാക്കി നിലനിർത്താൻ രാജപ്പൻ പുലർത്തുന്ന പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നതായി ഗവർണർ പറഞ്ഞു. രണ്ടു കാലുകളും തളർന്നിട്ടും ദിവസവും വളളത്തിൽ സഞ്ചരിച്ച് വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുക്കുന്ന രാജപ്പന്റെ സേവനവും ഗവർണർ പാരമർശിച്ചു.

സമൂഹത്തിൽ മാതൃകയാക്കേണ്ട സാധാരണ വ്യക്തിത്വങ്ങളെക്കുറിച്ച് പരാമർശിക്കവേയാണ് പ്രധാനമന്ത്രി രാജപ്പന്റെ പേരും ഉയർത്തിക്കാട്ടിയത്. രാജപ്പനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ശുചിത്വത്തിനു വേണ്ടി സാധ്യമാകുന്നിടത്തോളം നമ്മുടേതായ സംഭാവന നൽകണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. മൻ കി ബാത്തിൽ പേര് പരാമർശിച്ചതിൽ ഏറെ സന്തോഷവും അഭിമാനവും ഉണ്ടെന്ന് രാജപ്പൻ നേരത്തെ ജനംടിവിയോട് പ്രതികരിച്ചിരുന്നു. തന്റെ സേവനം എടുത്തു പറഞ്ഞതിൽ നരേന്ദ്ര മോദിയ്ക്ക് നന്ദിയുണ്ടെന്നും രാജപ്പൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here