തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി ബിജെ.പി അഖിലേന്ത്യാ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ നദ്ദയ്ക്ക് പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ ചേർന്നാണ് നദ്ദയെ സ്വീകരിച്ചത്.

 

വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിലേക്ക് ആനയിച്ചു. തുറന്ന വാഹനത്തിൽ പാർട്ടി പ്രവരർത്തകരെ അഭിസംബോധന ചെയ്തായിരുന്നു റാലി.

ഉച്ചയ്ക്ക് ശേഷം സംസ്ഥാന കോർകമ്മിറ്റി യോഗത്തിൽ നദ്ദ പങ്കെടുക്കും. വൈകുന്നേരം 4 ന് അദ്ദേഹം വാർത്താസമ്മേളനം നടത്തുന്നുണ്ട്. ഇതിന് ശേഷം കോർപ്പറേഷൻ, മുൻസിപ്പാലിറ്റി കൗൺസിലർമാരുടെ യോഗത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകുന്നേരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തുന്ന ബി.ജെ.പി അദ്ധ്യക്ഷൻ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് എൻ.ഡി.എ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ നെടുമ്പാശ്ശേരിക്ക് പോകും. വൈകുന്നേരം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ജെ.പി നദ്ദ ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here