കളമശേരി : വിവിധ പ്രശനങ്ങളുമായി സ്റ്റേഷനിലെത്തുന്നവർക്ക് വിശപ്പും ക്ഷീണവുമകറ്റാൻ കരുതലുമായി കളമശേരി ജനമൈത്രി പോലീസ്. ബുധനാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങിൽ പദ്ധതിക്ക് തുടക്കമായി. കൗൺസിലർമാരായ റഫീഖ് മരക്കാർ, ബിന്ദു മനോഹരൻ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. രാവിലെ വിവിധ ആവശ്യങ്ങളുമായി സ്റ്റേഷനിൽ എത്തിയ പൊതുജനത്തിന് ചായയും കാപ്പിയും പലഹാരങ്ങളും നൽകിയായിരുന്നു കളമശേരി പോലീസ് സ്വീകരിച്ചത്.

വാദിയോ, പ്രതിയോ, സാക്ഷിയോ, പൊതുപ്രവർത്തകരോ ആരായാലും  ആദ്യം ഒരു ചായയോ, കാപ്പിയോ, ലെമൺ ടീയോ കുടിച്ച് ക്ഷീണം മാറ്റിയ ശേഷം പ്രശ്നത്തിലേക്ക് കടന്നാൽ മതിയെന്നാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ. സന്തോഷിൻ്റെയും സഹപ്രവർത്തകരുടെയും തീരുമാനം. ഇതിനായി പോലീസുകാർ മുൻകൈ എടുത്ത് വാട്ടർ പ്യൂരിഫയറും ഫ്രിഡ്ജും, കോഫി വെൻഡിങ് മെഷീൻ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25000 രൂപ വിലവരുന്ന വെൻഡിങ് മെഷിനിൽ നിന്ന് കാപ്പി, ചായ, ലെമൺ ടീ, വിത്ത് ഔട്ട് എന്നിവ ലഭിക്കും. ഒരു മാസത്തേക്ക് ഇതിലുപയോഗിക്കുന്ന  പൗഡറിന് 6000 രൂപ വില വരും. ഫ്രിഡ്ജിൽ ബ്രഡും ബിസ്കറ്റുമൊക്കെയുണ്ടാകും. ഇതിനുള്ള ചെലവ് സുഹൃത്തുക്കളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സ്വരൂപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ പ്രശ്നങ്ങളുമായി പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാകും പലരും സ്റ്റേഷനിലെത്തുക. അവർക്ക് വലിയ ആശ്വാസമാകും ഈ ലഘു ഭക്ഷണ സംവിധാനം. ലോക്ക് ഡൗൺ കാലത്ത് നിരവധി പേർക്കാണ് ഈ സ്റ്റേഷനിൽ നിന്നും ഭക്ഷണം നൽകിയിരുന്നത്. വിശക്കുന്നവർക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും  എന്നൊരു ബോർഡ് ഈ പോലീസ് സ്റ്റേഷന് മുന്നിൽ അന്ന് തൂക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here