കെഎസ്ആർടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആർടിസി റീസ്ട്രക്ചര്‍ 2.0 ന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പ്രവർത്തനങ്ങളുടെ ഭാഗമായി കെഎസ്ആർടിസിക്ക് പുത്തൻ ഉണർവേകി കെഎസ്ആർടിസി സ്വിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു. ആനയറയിൽ ആരംഭിച്ച കെഎസ്ആർടിസി — സ്വിഫ്റ്റ് ഹെഡ്കോർട്ടേഴ്സ്, സൂപ്പർ ക്ലാസ് ബസ് ടെർമിനൽ എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ നിർവ്വഹിച്ചു.

കെഎസ്ആർടിസിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങൾ സർക്കാർ നടത്തുന്നത്. അതിന് തൊഴിലാളികൾ അടക്കമുള്ളവരുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർടിസിക്ക് നിലവിലെ സ്ഥിതി വെച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് രൂപീകരിച്ചത്. സ്വിഫ്റ്റിനെ കെഎസ്ആർടിസിയുടെ ലാഭ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലാളികളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പത്തു വർഷത്തിലധികം കെഎസ്ആർടിസിയിൽ ജോലി നോക്കിയിരുന്നവരെ സംരക്ഷിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും. ഒരേ സമയം കെഎസ്ആർടിസിയുടെ പ്രവർത്തനം ആധുനിക വത്കരിക്കുന്നതോടൊപ്പം ജീവനക്കാരെ കൂടി സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

തന്റെ ദീർഘനാളത്തെ ആഗ്രഹമാണ് ആനയറയിലെ ബസ് ടെർമിനൽ തുറന്നതിലൂടെ സാക്ഷാത്കരിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സർക്കാരിന്റെ നെടുംതൂണ്. കെഎസ്ആർടിസി ജീവനക്കാരുടെ കഴിവ് ശരിയായ രീതിയിൽ വിനിയോഗിച്ചാൽ ഈ പൊതുമേഖലാ സ്ഥാപനത്തെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും മന്ത്രി പറഞ്ഞു. 3600 കോടിരൂപയുടെ വായ്പാ ബാധ്യതയുള്ള സ്ഥാപനത്തിന് കടം നൽകാൻ ആരും തയ്യാറാകില്ല. ആ സാഹചര്യത്തിലാണ് താൽകാലികമായുള്ള സംവിധാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ ലോഗോയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.

കെഎസ്ആർടിസിയും, കെഎസ്ആർടിസി സ്വിഫ്റ്റും വ്യത്യാസമില്ല. എന്നാൽ നിയമപരമായി ഇത് വേർപെട്ട് നിൽക്കുന്നുണ്ടെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ച സിഎംഡി ബിജുപ്രഭാകർ ഐഎഎസ് പറഞ്ഞു. കെഎസ്ആർടിസിയെ ആശ്രയിക്കാതെ കെഎസ്ആർടിസി — സ്വിഫ്റ്റിന് ഒരിക്കലും മുന്നോട്ട് പോകാനാകില്ല. പുതിയ സൂപ്പർ ക്ലാസ് ബസ്ടെർമിനലിൽ നിന്നും എറണാകുളം വഴിയും, കോട്ടയം വഴിയും ഓരോ മണിക്കൂർ ഇടവിട്ട് സർവ്വീസുകൾ ഉണ്ടാകും. ദേശീയ പാത വഴി 96 സർവ്വീസുകളും, എം.സി റോഡ് വഴി 40 സർവ്വീസുകളുമാണ് നടത്തുന്നത്. ഇതിന് 200 ഓളം ജീവനക്കാർ വേണ്ടി വരും. കോഴിക്കോട് ക്രൂ ചെയിഞ്ചിംഗ് ഉണ്ടാകുന്ന സാഹചര്യത്തിൽ അവിടെയും കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും സിഎംഡി പറഞ്ഞു. കെഎസ്ആർടിസിയുടെ 94 ബസ് സ്റ്റേഷനുകളിലും ജീവനക്കാരുടേയും, യാത്രാക്കാരുടേയും സൗകര്യങ്ങൾ വർദ്ധിപ്പിക്കും.

തമ്പാനൂരിൽ നിന്നും സർവ്വീസ് ആരംഭിക്കുന്ന ദീർഘ ദൂര ബസുകൾ ഇനി മുതൽ ആനയറ വഴിയും, വിമാനത്തിന്റെ സമയക്രമം അനുസരിച്ച് അതു വഴിയും സർവ്വീസ് നടത്തും. എന്നാൽ എംസി റോഡ് വഴി പോകുന്ന ബസുകൾ ആനയറ- ആക്കുളം- ഉള്ളൂർ- കേശവദാസപുരം, വെഞ്ഞാറമൂട് വഴിയും, ആനയറ- കഴക്കൂട്ടം- വെട്ടുറോഡ്, വെഞ്ഞാറമൂട് വഴിയും സർവ്വീസ് ഉണ്ടാകും, ഇതിന് പുറമെ പാപ്പനംകോട് നിന്നും പുറപ്പെടുന്ന ബസുകൾ പാപ്പനംകോട്- തമ്പാനൂർ — ബേക്കറി- പാളയം, കേശവദാസപുരം വഴിയും സർവ്വീസ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചു. ചടങ്ങിൽ നാറ്റ്പാക്ക് ഡയറക്ടർ ഡോ. സാംസൺ മാത്യു, കെഎസ്ആർടിസി- സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here