ആലുവ: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സിപിഐ നേതാവ് ആനി രാജ. സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരു അഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ലെന്നും ആനി രാജ- ആലുവ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തെ തള്ളിയാണ് ആനി രാജ രംഗത്തെത്തിയത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന മുൻ നിലപാടിൽ ഇടതുപക്ഷം ഉറച്ചുനിൽക്കുകയാണ്. ഇടത് കേന്ദ്ര നേതാക്കളായ സീതാറാം യെച്ചൂരിയും ഡി.രാജയും ആവർത്തിച്ച് പറയുന്നത് ഒരേ അഭിപ്രായമാണ്. ശബരിമലയിൽ യുവതി പ്രവേശനമെന്നത് ലിംഗസമത്വത്തിന്റെ വിഷയമാണെന്നും ഇടത് നിലപാടിനെ കുറിച്ച് യാതൊരു സംശയവും വേണ്ടെന്നും ആനി രാജ വ്യക്തമാക്കി.

സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി പരാമർശത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. മനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും ആനി രാജ പറഞ്ഞു. ഇടത് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ആനി രാജ ആലുവയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here