കൊച്ചി:കോവിഡ് മഹാമാരിയെ ചെറുക്കാൻ സംസ്ഥാനത്തൊട്ടാകെ ബാധകമായ പൊതു ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ എണാകുളം ജില്ലയിലും ഈ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ബാധകമാവുകയെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജില്ലാ തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പകരമാണ് പുതിയ നിർദ്ദേശങ്ങൾ ചൊവ്വാഴ്ച (ഏപ്രിൽ 27) മുതൽ നിലവിൽ വന്നത്.

പുതിയ നിയന്ത്രണങ്ങൾ പ്രകാരം കടകൾക്കും റസ്റ്ററൻ്റുകൾക്കും രാത്രി 7.30 വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാഴ്സൽ വിതരണം രാത്രി ഒൻപതു വരെ തുടരാം. കടകളിൽ പൊതുജനങ്ങളുമായുള്ള സമ്പർക്കം പരമാവധി കുറയ്ക്കണം. കടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ചുരുക്കണം. ടേക്ക് എവേ/ ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.

ആരാധനാലയങ്ങളിൽ 50 ആളെ മാത്രമേ ഒരു സമയം പ്രാർത്ഥനക്ക് അനുവദിക്കൂ. രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ചുവേണം പങ്കെടുക്കാൻ.

സർക്കാർ, സ്വകാര്യ മേഖലയിലെ മുഴുവൻ യോഗങ്ങളും ഓൺലൈൻ മുഖേന മാത്രമേ നടത്താവൂ.

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സിനിമാ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ജിംനേഷ്യം, ക്ലബുകൾ, സ്പോർട്സ് കോംപ്ലക്സുകൾ, സ്വിമ്മിംഗ് പൂളുകൾ , പാർക്കുകൾ, ബാറുകൾ എന്നിവ പൂർണമായും അടച്ചിടണം.

മെയ് ഒന്നിനും രണ്ടിനും വോട്ടെണ്ണൽ പ്രക്രിയക്കുള്ള പ്രവർത്തനങ്ങളും അത്യാവശ്യ സർവീസുകളും മാത്രമേ അനുവദിക്കൂ. വോട്ടെണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നിർബന്ധമായും കോവിഡ് വാക്സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ചെയ്ത കോവിഡ് നെഗറ്റീവ് ആണെന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിൻ്റ റിസൽട്ടോ കൈയിൽ കരുതണം. മെയ് 2ന് വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ളവർ, സ്ഥാനാർത്ഥികൾ, കൗണ്ടിംഗ് ഏജൻ്റുമാർ , മാധ്യമ പ്രവർത്തകർ എന്നിവർക്കു യാത്ര ചെയ്യാം.

സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മതപരമായ കൂട്ടം കൂടലുകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചു.

ശനിയാഴ്ച സർക്കാർ – അർധ സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. അവശ്യ സർവീസുകൾ മാത്രമേ ശനി ഞായർ ദിവസങ്ങളിൽ അനുവദിക്കൂ.

പരമാവധി 50 പേർ മാത്രമേ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവൂ. വിവാഹം കോവിഡ്- 19 ജാഗ്രതാ പോർട്ടലിൻ്റെ ഇവൻ്റ് രജിസ്ട്രേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്തതായിരിക്കണം. ചടങ്ങിന്റെ പരമാവധി ദൈർഘ്യം 2 മണിക്കൂർ . മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകൾ മാത്രമേ പങ്കെടുക്കാവൂ.

ജില്ലയിൽ അതിഥി തൊഴിലാളികൾക്കായി കൺട്രോൾ റൂം തുറക്കും. അതിഥി തൊഴിലാളികൾ അവരുടെ നിലവിലുള്ള ഇടങ്ങളിൽ തുടരണം.

പ്രാഥമിക മേഖലയിലുള്ള പ്രവർത്തനങ്ങളായ കൃഷി, മൃഗസംരക്ഷണം , ക്ഷീരമേഖല, ഫോറസ്ട്രി, കൂടാതെ വ്യവസായ മേഖല, ചെറുകിട വ്യവസായ മേഖല എന്നീ മേഖലകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

തൊഴിലുറപ്പ് പദ്ധതിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടരാം.

മുഴുവൻ വകുപ്പുകളും മേലധികാരിയുടെ നിർദ്ദേശപ്രകാരം അത്യാവശ്യ ജീവനക്കാരെ മാത്രം വച്ച് പ്രവർത്തിക്കണം.
അതാവശ്യ സർവീസുകളായ ആരോഗ്യം, റവന്യൂ , ദുരന്തനിവാരണം, പോലീസ്, തദ്ദേശ സ്വയംഭരണം, ലേബർ, സിവിൽ സപ്ലൈസ് എന്നിവർക്ക് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here