തിരുവനന്തപുരം : എഡിജിപി വിജയ് സാക്കറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിൽ നിന്നും പണം തട്ടാനായിരുന്നു ശ്രമം. സംഭവത്തിൽ കേസ് എടുത്തു.
വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കിയ ആൾ 10,000 രൂപയാണ് ആവശ്യപ്പെട്ടത്. ഗൂഗിൾ പേയിലൂടെ നൽകാനും നിർദ്ദേശിച്ചു. സംഭവത്തിൽ ഇൻഫോപാർക്ക് സൈബർ ക്രൈം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അടുത്തിടെയായി ഫേസ്ബുക്ക് വഴി പണം തട്ടാനുള്ള ശ്രമങ്ങൾ വ്യാപകമാണ്. നിരവധിപേരുടെ ഫേസ്ബുക്ക് ഐഡികൾ ഹാക്ക് ചെയ്താണ് തട്ടിപ്പുകാർ ഇതിന് ശ്രമിക്കുന്നത്. ഐഡികൾ ഹാക്ക് ചെയ്ത ശേഷം മെസഞ്ചറിൽ പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ തട്ടിപ്പുകാരൻ സന്ദേശം അയക്കും. 10,000 രൂപയാണ് ഇവർ ആവശ്യപ്പെടാറുള്ളത്. നിരവധി പേരാണ് ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.