ന്യൂഡൽഹി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ജില്ലാ കളക്ടർമാരോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയെ അവസാനിപ്പിക്കാൻ എല്ലാ ജില്ലയും പ്രതിജ്ഞയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജില്ലകൾ വിജയിക്കുമ്പോൾ രാജ്യവും വിജയിക്കും. കൊറോണ സാഹചര്യം വിലയിരുത്താൻ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിൽ നിങ്ങളെല്ലാവരും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കളക്ടർമാരോട് പറഞ്ഞു. ഈ യുദ്ധത്തിന്റെ ഫീൽഡ് കമാൻഡോകളാണ് ഓരോ ജില്ലയിലേയും വരണാധികാരികൾ. യുദ്ധത്തിന്റെ പ്രധാന ആയുധങ്ങളാണ് കൃത്യമായ പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവയൊക്കെയെന്നും അതിൽ വീഴ്ച വരുത്തരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൊറോണയ്ക്ക് പുറമെ തങ്ങളുടെ പ്രദേശത്തെ ഓരോ പൗരന്റേയും ജീവിത സൗകര്യവും കളകർമാർ ശ്രദ്ധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനായി ആരോഗ്യമന്ത്രാലയം കാര്യക്ഷമമായി പ്രവർത്തിക്കുകയാണ്. ഗ്രാമീണ തലത്തിൽ രോഗവ്യാപനം വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി തന്നെ ജില്ലാ കളക്ടർമാരുമായി നേരിട്ട് സംസാരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

രണ്ടാം തരംഗത്തിൽ ഗ്രാമീണ മേഖലയിലെ തീവ്ര വ്യാപനത്തിൽ പ്രാദേശിക നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. വീടുവീടാന്തരം നിരീക്ഷണവും രോഗ നിർണ്ണയവും കാര്യക്ഷമമായി നടത്താൻ അങ്കണവാടി, ആശ വർക്കർമാരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തിൽ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here