ന്യൂഡൽഹി: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ മെഡൽ നേട്ടം ആഘോഷമാക്കുകയാണ് രാജ്യം. ജർമനിക്കെതിരായ ഇന്ത്യൻ വിജയത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് മലയാളിയും ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറുമായ ശ്രീജേഷിന്റെ പ്രകടനമാണ്. ശ്രീജേഷിന്റെ പ്രകടനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യേകം പ്രശംസിച്ചു.

ഇന്ത്യയ്‌ക്കായി മെഡൽ നേടുന്നതിൽ ശ്രീജേഷ് നിർണ്ണായക പങ്കുവഹിച്ചുവെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അവസാന നിമിഷം വരെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്‌ച്ച വെച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിജയത്തിന് പിന്നാലെ ഹോക്കി ടീമിനെ ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ഹെഡ്കോച്ച് ഗ്രഹാം റെയ്ഡ്, അസിസ്റ്റന്റ് കോച്ച് പിയുഷ് ദുബെ എന്നിവരുമായി ഫോണിലാണ് സംസാരിച്ചത്. വെങ്കലത്തിനായുള്ള മത്സരത്തിൽ ജർമ്മനിയെ തോൽപ്പിച്ചാണ് ഇന്ത്യ മെഡൽ നേടിയത്. 5-4 ആണ് സ്‌കോർ നില.

മുഖ്യമന്ത്രി പിണറായി വിജയനും ശ്രീജേഷിനെ നേരത്തെ അഭിനന്ദിച്ചിരുന്നു. ‘ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടി ചരിത്ര വിജയം കുറിച്ച ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. അസാധാരണമായ ഇച്ഛാശക്തിയോടെ പൊരുതി നേടിയ ഈ വിജയം നാടിന്റെ അഭിമാനമായി മാറി. ശ്രീജേഷിന്റെ മികവാർന്ന പ്രകടനം മലയാളികളെ സംബന്ധിച്ചിടത്തോളം വിജയാഹ്ലാദത്തിന്റെ മാറ്റ് വീണ്ടും കൂട്ടുന്നു. കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഇന്ത്യൻ ഹോക്കി ടീമിന് ഈ വിജയം പ്രചോദനമാകട്ടെ’, എന്നാണ് പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചത്.

57 കിലോ പുരുഷന്മാരുടെ ഗുസ്തിയിൽ ഇന്ത്യയ്‌ക്കായി വെള്ളിമെഡൽ നേടിയ രവികുമാർ ദാഹിയയേയും പ്രധാനമന്ത്രി പ്രശംസിച്ചു. രവി കുമാറിനേയും പരിശീലകൻ അനിൽ മാനേയും പ്രധാനമന്ത്രി ഫോണിൽ വിളിച്ച് ആശംസ അറിയിക്കുകയായിരുന്നു. ഏഷ്യൻ ചാമ്പ്യനായ നൂറിസ്ലാം സനയേവിനെയാണ് രവികുമാർ തോൽപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here