മലപ്പുറം: പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾക്കെതിരായ എൻഫോഴ്‌സ്‌മെന്റ് അന്വേഷണത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയിൻ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസിൽ തങ്ങൾക്ക് ഇഡിയുടെ നോട്ടീസ് കിട്ടാൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും കഴിഞ്ഞ 40 വർഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മൊയിൻ അലി പറഞ്ഞു.

പാർട്ടി നിലവിൽ കുഞ്ഞാലിക്കുട്ടിയെ മാത്രം കേന്ദ്രീകരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ പേടിച്ച് എല്ലാവരും മിണ്ടാതിരിക്കുകയാണെന്നും മൊയിൻ അലി തുറന്നടിച്ചു. ചന്ദ്രിക ഫിനാൻസ് ഡയറക്ടറായ ഷമീർ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്. ഷമീർ ചന്ദ്രികയിൽ വരുന്നത് പോലും താൻ കണ്ടിട്ടില്ല. ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാദ്ധ്യതയിലേക്ക് വരെ എത്തിച്ചത്. എന്നിട്ടും ഫിനാൻസ് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യാനുള്ള നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചന്ദ്രികയുടെ അഭിഭാഷകൻ മുഹമ്മദ് ഷാ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മൊയിൻ അലി കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. എന്നാൽ ഇതിനിടെ മൊയിൻ അലിയ്‌ക്കെതിരെ മുസ്ലീം ലീഗ് പ്രവർത്തകൻ പ്രതിഷേധവുമായി എത്തി. റാഫി പുതിയകടവ് എന്ന മുസ്ലീം ലീഗ് പ്രവർത്തകനാണ് പ്രതിഷേധവുമായി എത്തിയത്. ഇതോടെ വാർത്താ സമ്മേളനം നിർത്തിവെയ്‌ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here