തിരുവനന്തപുരം: ദുരന്ത നിവാരണത്തിൽ സർക്കാരിനെ വിമർശിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പിനോട് പകരം വീട്ടി പിണറായി സർക്കാർ. ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിച്ചുള്ള ഉത്തരവ് സർക്കാർ റദ്ദാക്കി. ദുരന്തനിവാരണത്തിലെ വീഴ്ചയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതോടെ ചെറിയാൻ ഫിലിപ്പ് സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതാണ് പെട്ടെന്ന് നിയമനം റദ്ദാക്കിയുള്ള ഉത്തരവിന് പിന്നിലെന്നാണ് സൂചന.

പദവി ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ചെറിയാനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇടത് കേന്ദ്രങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇന്നലെ ഭരണകൂടം നടത്തുന്ന മഴക്കെടുതി ദുരന്ത നിവാരണത്തെ വിമർശിച്ച് ഇന്നലെയാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഭരണാധികാരികൾ ദുരന്തനിവാരണത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന് ചെറിയാൽ ഫിലിപ്പ് കുറ്റപ്പെടുത്തി. ഭരണാധികാരികൾ ദുരന്ത നിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ ദുരന്തം വന്ന ശേഷം ക്യാമ്പിൽ പോയി കണ്ണീർ പൊഴിക്കുന്നത് ജനവഞ്ചനയാണെന്നും അദ്ദേഹം വിമർശിച്ചു.

2018ലെ മഹാപ്രളയത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നെതർലാൻഡ്‌സ് യാത്രയെയും ചെറിയാൻ ഫിലിപ്പ് വിമർശിച്ചിരുന്നു. അവിടെ പോയി വന്നിട്ടും ഡച്ച് മാതൃക ഇതുവരെ നടപ്പാക്കിയില്ല എന്നായിരുന്നു വിമർശനം. കോൺഗ്രസ്സിലേക്ക് ചെറിയാൻ മടങ്ങിയേക്കുമെന്ന സൂചനകൾക്കിടെ തിങ്കളാഴ്ച ഉമ്മൻചാണ്ടിക്കും പികെ കുഞ്ഞാലിക്കുട്ടിക്കുമൊപ്പം ഒരു അവാർഡ്ദാന ചടങ്ങിൽ ചെറിയാൻ ഫിലിപ്പ് പങ്കെടുക്കുന്നുണ്ട് എന്നാണ് വിവരം.

പുസ്തക രചനയുടെ തിരക്കിലായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്നാണ് ചെറിയാൻ ഫിലിപ്പ് നേരത്തെ അറിയിച്ചിരുന്നത്. അടിയൊഴുക്കുകൾ എന്ന ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്നാണ് ചെറിയാൻ ഫിലിപ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഖാദി വിൽപ്പനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാൻ ആയിരുന്നു ചെറിയാൻ ഫിലിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here